ചെറിയ കുട്ടികള്‍ ഗര്‍ഭിണികളാകുന്ന സംഭവങ്ങള്‍; എവിടെന്ന് തുടങ്ങണം നടപടി

പതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ 30 ആഴ്ച പിന്നിട്ട ഗര്‍ഭം ഇല്ലാതാക്കണമെന്നാവശ്യപ്പെട്ട് സ്വന്തം അമ്മ തന്നെ നല്‍കിയ ഒരു ഹരജി പരിഗണിച്ചപ്പോള്‍ ഹൈക്കോടതി തന്നെ ഈ വിഷയത്തില്‍ വലിയ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. | കോര്‍ട്ട് റൂം

Update: 2022-09-23 06:24 GMT
Click the Play button to listen to article

ചെറിയ കുട്ടികള്‍ ഗര്‍ഭിണികളാകുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതിനെ പറ്റി ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഈ വിഷയം ഗൗരവമായി സംസ്ഥാന വിദ്യാഭ്യാക വകുപ്പ് കണക്കിലെടുക്കേണ്ടതുണ്ട്. ലൈംഗിക വിദ്യഭ്യാസത്തെ കുറിച്ച് കുട്ടികളെ കൂടുതല്‍ ബോധവാന്‍മാരാക്കിയില്ലങ്കില്‍ വളരെ അപകടം പിടിച്ച അവസ്ഥയിലേക്ക് എത്തുമെന്നാണ് കോടതിയിലെത്തുന്ന കേസുകളില്‍ നിന്ന് വ്യക്തമാകുന്നത് .

13 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ 30 ആഴ്ച പിന്നിട്ട ഗര്‍ഭം ഇല്ലാതാക്കണമെന്നാവശ്യപ്പെട്ട് സ്വന്തം അമ്മ തന്നെ നല്‍കിയ ഒരു ഹരജി പരിഗണിച്ചപ്പോള്‍ ഹൈക്കോടതി തന്നെ ഈ വിഷയത്തില്‍ വലിയ ആശങ്ക പ്രകടിപ്പിച്ചു. കാരണം, നിരവധി പരാതികള്‍ ഇത്തരത്തില്‍ തന്നെ ഹൈക്കോടതിയുടെ പരിഗണനയിലെത്തുന്നുണ്ട്. ജസ്റ്റിസ് വി.ജി അരുണാണ് ഈ പ്രശ്‌നത്തിന്റെ ഗൗരവം ചൂണ്ടികാണിച്ചത്. പ്രായപൂര്‍ത്തിയാകാത്ത സഹോദരനില്‍ നിന്നാണ് 13 കാരി പെണ്‍കുട്ടി ഗര്‍ഭം ധരിച്ചത്. ഇത്തരത്തില്‍ മാസങ്ങള്‍ക്ക് മുന്‍പ് മറ്റൊരു കേസ് കോടതിയിലെത്തിയിരുന്നു. അന്നും കോടതി പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഗര്‍ഭം ഒഴിവാക്കാനാണ് നിര്‍ദേശം നല്‍കിയത്. പലപ്പോഴും ഇത്തരത്തില്‍ കുട്ടികള്‍ ഗര്‍ഭിണികളാകുന്നത് അറിയാതെ വരുന്നുവെന്നതാണ് ഇതില്‍ മറ്റൊരു സങ്കടകരമായ വസ്തുത. വീട്ടുകാര്‍ അറിയാതെ വരുന്നതോടെ ഗര്‍ഭഛിദ്രം നടത്താന്‍ പോലും കഴിയാത്ത അവസ്ഥയിലെത്തുന്നു. ഇതോടെയാണ് കോടതികളില്‍ ഇത്തരം കേസുകള്‍ എത്തുന്നത് തന്നെ.


ഇത്തരം സംഭവങ്ങള്‍ കൂടിവരികയാണെന്നും ഇവയില്‍ ചിലതിലെങ്കിലും അടുത്ത ബന്ധുക്കളാണ് പ്രതികളെന്നും ഹൈക്കോടതി തന്നെ സൂചിപ്പിക്കുന്നുണ്ട്. പിതാവില്‍ നിന്നും സഹോദരനില്‍ നിന്നുമൊക്കെ ഗര്‍ഭിണികളാകുന്ന കുട്ടികള്‍ ധാരാളമാണ്. കോവിഡ് ആരംഭ കാലത്ത് ഹൈക്കോടതിയില്‍ നിന്ന് തന്നെ ലഭിച്ച കണക്കനുസരിച്ച് എട്ടോളം കേസുകള്‍ ഇത്തരത്തിലെത്തിയിരുന്നുവെന്നാണ്. ഇന്റര്‌നെറ്റില്‍ സുലഭമായ നീലച്ചിത്രങ്ങള്‍ കുട്ടികളെ വഴി തെറ്റിക്കുകയും ഇവരുടെ മനസില്‍ തെറ്റായ ആശയങ്ങള്‍ പകര്‍ന്നു നല്‍കുകയും ചെയ്യുന്നുണ്ടെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ മീഡിയയുടെയും സുരക്ഷിത ഉപയോഗത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കണമെന്ന നിര്‍ദേശം കോടതി മുന്നോട്ട് വെച്ചിട്ടുണ്ട്. ഇത് സ്‌കൂള്‍ വഴി നടപ്പാക്കണമെന്നാണ് കോടതി തന്നെ അഭിപ്രായപ്പെടുന്നത്. ഇക്കാര്യത്തില്‍ തങ്ങളുടെ കണ്‍മുന്നിലെത്തുന്ന കേസുകളിലെ പ്രതികളെ ശിക്ഷിക്കുന്നതിനപ്പുറം കോടതികള്‍ നിസ്സഹായരാണ്. മാധ്യമങ്ങള്‍ക്കും ഇക്കാര്യത്തില്‍ കാര്യമായ പങ്ക് വഹിക്കാനില്ല. എന്നാല്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കുട്ടികളില്‍ ശക്തമായ ബോധവല്‍ക്കരണം നടത്താന്‍ സാധിക്കും. പ്രത്യേകിച്ചും വിദ്യാലയങ്ങളില്‍ കൂടി.

ഒരു കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ച് ലൈംഗിക വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നടപടി വേണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ലൈംഗിക ബന്ധത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുന്നതില്‍ നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിനു കഴിയുന്നില്ലെന്നായിരുന്നു കോടതിയുടെ കുറ്റപെടുത്തല്‍. ശാരീരിക മാറ്റങ്ങളെത്തുടര്‍ന്ന് കുട്ടികളില്‍ ലൈംഗികാകര്‍ഷണം ഉണ്ടാകും. മനഃശാസ്ത്രജ്ഞര്‍ ഇതു സ്വാഭാവികമെന്നു പറയുമ്പോഴും ഇത്തരത്തിലുള്ള ലൈംഗിക ബന്ധങ്ങള്‍ നിയമപ്രകാരം കുറ്റകരമാണ്. നിയമത്തിലുള്ള അജ്ഞത മൂലം ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടു പോകുന്ന ചെറുപ്രായക്കാരുണ്ടെന്ന് കോടതി തന്നെ സൂചിപ്പിക്കുന്നു. കോടതിയെ സമീപിച്ച കുട്ടികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഗര്‍ഭം ഒഴിവാക്കുന്നതിനായി നടപടിയെടുക്കണമെന്നും പുറത്തെടുക്കുന്ന കുഞ്ഞിന് ജീവനുണ്ടെങ്കില്‍ മതിയായ പരിചരണവും ചികിത്സയും നല്‍കണമെന്നും കോടതി നിര്‍ദേശവും നല്‍കാറുണ്ട്. ഇതില്‍ മറ്റൊരു പ്രശ്‌നം ഗര്‍ഭിണിയാകുന്ന പെണ്‍കുട്ടിയോടൊപ്പം തന്നെ മറ്റൊരു ജീവനും ദുരിതത്തിലാകുന്നുവെന്നതാണ്. ജനിക്കുന്ന കുഞ്ഞിനെ ഏറ്റെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറല്ലെങ്കില്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. ഇത്തരം കേസുകളില്‍ രണ്ട് ജീവനുകളാണ് പലപ്പോഴും അപകടത്തിലാകുന്നത്.


ലൈംഗികാതിക്രമം തടയുന്നതിനുള്ള നിയമങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കാന്‍ ഈ നിയമ വ്യവസ്ഥകള്‍ പാഠ്യപദ്ധതിയിലുള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെയും സി.ബി.എസ്.ഇയെയും സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിയെയും കക്ഷി ചേര്‍ത്തിട്ടുണ്ട്. സര്‍ക്കാര്‍ ഗൗരവായി ഈ വിഷയം കൈകാര്യം ചെയ്യുകയാണ് ഇനി വേണ്ടത്.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷബ്‌ന സിയാദ്

contributor

Similar News