സിവിക് കേസ്: മാന്യമായ വസ്ത്രം; ന്യായമായ വിധിയോ?

തെളിവുകള്‍ ഹാജരാക്കി വിചാരണ നടക്കേണ്ട വിഷയത്തില്‍ വസ്ത്രധാരണം ശരിയായിരുന്നില്ലെന്ന് ഒരു കോടതി വിധിയെഴുതിയാല്‍ എവിടെയാണ് സ്ത്രീക്ക് നീതി കിട്ടുക. 354 എ വകുപ്പ് നിലനില്‍ക്കാന്‍ മാന്യമായി വസ്ത്രം ധരിക്കണമന്ന് ഇന്ത്യന്‍ ശിക്ഷാ നിയമം നിഷ്‌കര്‍ഷിച്ചിട്ടില്ലെന്ന് കോടതികളെയും ഓര്‍മപ്പെടുത്തേണ്ടി വരുന്നത് ഗതികേടാണ്...

Update: 2022-09-23 08:53 GMT
Click the Play button to listen to article

കോടതിക്ക് മുന്നില്‍ ഒരു കേസെത്തിയാല്‍ തെളിവുകള്‍ മാത്രമാണ് അവിടെ പ്രസക്തം. തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയെ വെറുതെ വിടുകയോ ശിക്ഷിക്കുകയോ ചെയ്യാം. എന്നാല്‍, അതുപോലെയല്ല ഒരു കേസില്‍ പ്രതിയായ ആള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനക്കെത്തുമ്പോള്‍. ആ കേസില്‍ പ്രഥമദ്യഷ്ടാ ഹരജിക്കാരന്‍ കുറ്റം ചെയ്തതായി ബോധ്യപ്പെട്ടാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കില്ല. കുറ്റം ചെയ്തിട്ടില്ലെന്ന് കോടതി വിലയിരുത്തിയാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കും. അതിനായി കോടതി അപൂര്‍വമായിട്ടു മാത്രമേ എല്ലാ തെളിവുകളും പരിശോധിക്കുകയുമുള്ളു. പലപ്പോഴും കണ്ടുവരുന്നത് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി ജാമ്യം എടുക്കണമെന്ന നിര്‍ദേശമാണ് കോടതികളില്‍ നിന്നുണ്ടാകാറുള്ളത്. എന്നാല്‍, ഇതില്‍ നിന്നെല്ലാം വിഭിന്നമാണ് കോഴിക്കോട് സെഷന്‍സ് കോടതിയുടെ മുന്‍കൂര്‍ ജാമ്യ ഉത്തരവ്.

മുന്‍കൂര്‍ ജാമ്യം നല്‍കുന്ന വേളയില്‍ ജാമ്യത്തിനായുള്ള സാഹചര്യങ്ങള്‍ പരിഗണിക്കുക എന്നതിലുപരി കേസ് നിലനില്‍ക്കുന്നതല്ല എന്ന് തീര്‍പ്പാക്കും വിധം ജാമ്യം നല്‍കുന്നത് ഒരുകാരണവശാലും അംഗീകരിക്കാനാവില്ലെന്നാണ് കമീഷന്‍ അധ്യക്ഷ പറയുന്നത്. തെളിവുകള്‍ ഹാജരാക്കി വിചാരണ നടക്കുന്നതിനു മുന്‍പു തന്നെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതു വഴി ഫലത്തില്‍ പരാതിക്കാരിയുടെ ആരോപണങ്ങളെ തള്ളിക്കളയുകയാണ് കോടതി ചെയ്യുന്നത്. 

ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയ വിധിയിലാണ് പരാതിക്കാരിയുടെ വസ്ത്രധാരണ രീതി ലൈംഗികമായി പ്രകോപനമുണ്ടാക്കുന്നതെന്ന് കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ്. കൃഷ്ണകുമാര്‍ പരാമര്‍ശിച്ചിട്ടുള്ളത്. സിവിക് ചന്ദ്രനെതിരെയുള്ള രണ്ടാമത്തെ ലൈംഗിക പീഡനപരാതിയിലുള്ള മുന്‍കൂര്‍ ജാമ്യവിധിയിലാണ് വിവാദ പരാമര്‍ശങ്ങള്‍. ആദ്യ പരാതിയില്‍ നേരത്തെ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. 2020 കോഴിക്കോട് നന്തി കടപ്പുറത്ത്‌ നടന്ന കവിതാ ക്യാമ്പിനെത്തിയപ്പോള്‍ സിവിക് ചന്ദ്രന്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കൊയിലാണ്ടി പൊലീസാണ് ഇതില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിയെ തുടര്‍ന്ന് സിവിക് ചന്ദ്രന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയപ്പോള്‍ അതിനോടൊപ്പം അന്ന് നടന്ന പരിപാടിയുടെ ഫോട്ടോകളും ഹാജരാക്കിയിരുന്നു. ഈ ഫോട്ടോ പരിശോധിച്ച കോടതിയാണ് ചില വിചിത്രമായ കാര്യങ്ങള്‍ കണ്ടെത്തിയത്.


പരാതിക്കാരി ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രമാണ് ധരിച്ചതെന്ന് പ്രതിഭാഗം സമര്‍പ്പിച്ച ഫോട്ടോകളില്‍ നിന്ന് വ്യക്തമാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍. അതിനാല്‍ പ്രഥമദൃഷ്ട്യാ ഐ.പി.സി 354 എ വകുപ്പായ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ലെന്നാണ് കോടതി ഉത്തരവിലുള്ളത്. വസ്ത്രധാരണം പോലെ തികച്ചും വ്യക്തിപരമായ ഒരു വിഷയം ചൂണ്ടിക്കാണിച്ച് ലൈംഗികാതിക്രമ പരാതിയെ കൈകാര്യം ചെയ്തതിലെ യുക്തിയെന്തന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. സ്ത്രീകള്‍ക്കു നേരെയുള്ള ഹീനമായ ആക്രമണങ്ങളെ സാധൂകരിക്കുന്ന നിലയിലേക്ക് കോടതികള്‍ ചെന്നെത്തുന്നു എന്നത് വളരെ ആശങ്കയുണര്‍ത്തുന്ന കാര്യമാണെന്നാണ് ഇക്കാര്യത്തില്‍ വനിതാ കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി അഭിപ്രായപ്പെട്ടത്.


മുന്‍കൂര്‍ ജാമ്യം നല്‍കുന്ന വേളയില്‍ ജാമ്യത്തിനായുള്ള സാഹചര്യങ്ങള്‍ പരിഗണിക്കുക എന്നതിലുപരി കേസ് നിലനില്‍ക്കുന്നതല്ല എന്ന് തീര്‍പ്പാക്കും വിധം ജാമ്യം നല്‍കുന്നത് ഒരുകാരണവശാലും അംഗീകരിക്കാനാവില്ലെന്നാണ് കമീഷന്‍ അധ്യക്ഷ പറയുന്നത്. തെളിവുകള്‍ ഹാജരാക്കി വിചാരണ നടക്കുന്നതിനു മുന്‍പു തന്നെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതു വഴി ഫലത്തില്‍ പരാതിക്കാരിയുടെ ആരോപണങ്ങളെ തള്ളിക്കളയുകയാണ് കോടതി ചെയ്യുന്നത്. ഇത് ലൈംഗികാതിക്രമം പോലെ ഗൗരവകരമായ കേസുകളില്‍ വളരെ തെറ്റായ സന്ദേശമാണ് നല്‍കുന്നത്.

ഗുജറാത്ത് വംശഹത്യാ കാലത്തു നടന്ന ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ മുഴുവനായും വെറുതേ വിട്ടു കൊണ്ടുള്ള ഗുജറാത്ത് സര്‍ക്കാര്‍ നടപടിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയാണ് ഇങ്ങ് കേരളത്തിലും ഇത്തരമൊരു സംഭവം നടന്നിരിക്കുന്നത്. രാജ്യത്തെ സ്ത്രീസമൂഹത്തിന് ആശങ്കയുണര്‍ത്തുന്ന ഇത്തരം നടപടികളില്‍ വീണ്ടുവിചാരം അത്യാവശ്യം തന്നെയാണെന്നാണ് അഡ്വ. പി സതീദേവി അഭിപ്രായപ്പെടുന്നത്.

വിചാരണ നടക്കാതെ ഒരു കേസില്‍ ആദ്യഘട്ടത്തില്‍ തന്നെ ഇത്തരം പരാമര്‍ശം നടത്തിയതിലെ നിയമസാധുതയും ചര്‍ച്ചയാകുന്നുണ്ട്. പുരുഷാധിപത്യ മനോഭാവത്തോടെയുള്ള വിധി പ്രസ്താവമാണ് കോടതിയില്‍ നിന്നുണ്ടായിട്ടുള്ളതെന്നും സ്ത്രീ ഏത് വേഷം ധരിക്കണമെന്ന് അവള്‍ തീരുമാനിക്കട്ടെ എന്നുമായിരുന്നു റിട്ട. ജസ്റ്റിസ് ബി. കെമാല്‍ പാഷയുടെ ഈ വിഷയത്തിലുള്ള പ്രതികരണം. അതോടൊപ്പം തന്നെ അദ്ദേഹം തന്നെ ചൂണ്ടികാണിച്ച മറ്റൊന്നാണ് പ്രതിയുടെ പ്രായം സംബന്ധിച്ച കോടതിയുടെ പരാമര്‍ശം. 74 വയസ്സുകാരനായ പ്രതിക്ക് പരാതിക്കാരിയെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താനാകുമെന്ന് വിശ്വസിക്കില്ലെന്നും വിധിയില്‍ പരാമര്‍ശമുണ്ട്. 90 കാരനായാലും കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടണം. പ്രകോപനമുണ്ടാകുമ്പോള്‍ കുറ്റവാസന ഉണ്ടാകുന്നവരെ നിയന്ത്രിക്കനാണ് സംവിധാനങ്ങള്‍. അല്ലാതെ പ്രകോപനമുണ്ടാക്കരുതെന്ന് പറയാനല്ലെന്നാണ് അദേഹത്തിന്റെ നിരീക്ഷണം. നിരവധി പേര്‍ ഈ വിഷയത്തില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. നൂറ്റാണ്ടുകള്‍ പിന്നോട്ടടിക്കുന്ന യാഥാസ്തിക കാഴ്ചപ്പാടാണ് കോടതിയില്‍ നിന്നുണ്ടായതെന്ന ആക്ഷേപം ഉയരുന്നു. എന്നാല്‍, ഇതിനെല്ലാം അപ്പുറത്ത് കോടതി കണ്ടെത്തിയ വിചിത്ര പരാമര്‍ശത്തിലെ നിയമസാധുതയെന്തെന്നതാണ് ചോദ്യം. കോടതികളില്‍ നിന്നും ഇത്തരത്തില്‍ സദാചാര വര്‍ത്തമാനങ്ങള്‍ ഉയരേണ്ടതുണ്ടോയെന്നതാണ് മറ്റൊരു ചോദ്യം.



Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷബ്‌ന സിയാദ്

contributor

Similar News