മധുരമൂറും കരിക്കിന്‍വെള്ളം
പ്രണയമാണ് പ്രമേയം. പക്ഷേ നായകനും നായികയും സ്നേഹിച്ച്, കുറേ പ്രതിസന്ധികള്‍ തരണം ചെയ്ത്, ഒടുവില്‍ ഒരുമിക്കുന്ന പതിവ് ശൈലിയില്‍ അല്ല ഈ സിനിമ. പ്രണയം മനുഷ്യനെ എങ്ങനെ നവീകരിക്കുന്നുവെന്ന് വളരെ ലളിതമായി പറയുന്ന സിനിമയാണിത്.
ജീവനും ജീവിതവും തുടിക്കുന്ന, കരിക്കിന്‍വെള്ളത്തിന്റെ മാധുര്യമുള്ള സിനിമയാണ് അനുരാഗ കരിക്കിന്‍വെള്ളം. പ്രണയമാണ് പ്രമേയം. പക്ഷേ നായകനും നായികയും സ്നേഹിച്ച്, കുറേ പ്രതിസന്ധികള്‍ തരണം ചെയ്ത്, ഒടുവില്‍ ഒരുമിക്കുന്ന പതിവ് ശൈലിയില്‍ അല്ല ഈ സിനിമ. പ്രണയം മനുഷ്യനെ എങ്ങനെ നവീകരിക്കുന്നുവെന്ന് വളരെ ലളിതമായി പറയുന്ന സിനിമയാണിത്. പ്രണയത്തില്‍ പൊതുവെയുള്ള ആണ്‍കോയ്മയെ സിനിമ അപനിര്‍മിക്കുന്നു. തുടക്കത്തില്‍ ഒരു കഥയില്ലാത്ത ന്യൂജെന്‍ കാമുകിയായി അവതരിപ്പിക്കപ്പെടുന്ന എലിസബത്ത് (രജിഷ വിജയന്‍) എന്ന നായികയിലൂടെയാണ് സിനിമ പുരോഗമിക്കുന്നതും അവസാനിക്കുന്നതും. കാഴ്ചയിലോ സ്വഭാവത്തിലോ ദുര്‍ബലരെന്ന് തോന്നുന്ന സഹനടന്മാര്‍ക്ക് നായകന്റെ ഹീറോയിസത്തിന് കയ്യടിക്കാനും സിനിമയുടെ ഒരു ഘട്ടത്തില്‍ അപ്രത്യക്ഷരാവാനുമാണ് പൊതുവെ മലയാള സിനിമയില്‍ വിധി. ആ പതിവും ഇവിടെ തകിടം മറിക്കുന്നു.
പൊലീസുകാരനായ അച്ഛന്‍ രഘുവിന്റെയും (ബിജു മേനോന്‍) മകന്‍ അഭിയുടെയും (ആസിഫ് അലി) പ്രണയം പറയുന്നതിലൂടെ രണ്ട് തലമുറകള്‍ പ്രണയം പ്രകടിപ്പിക്കുന്നതിലെ അന്തരം സൂക്ഷ്മമായി സിനിമയില്‍ ആവിഷ്കരിച്ചിട്ടുണ്ട്. രഘു ഭാര്യ സുമയോടുള്ള (ആശ ശരത്ത്) സ്നേഹം തിരിച്ചറിഞ്ഞ ശേഷവും എങ്ങനെ തുറന്നുപ്രകടിപ്പിക്കണമെന്ന് അറിയാത്തയാളാണ്. ഭാര്യയ്ക്ക് ഒരു ഉമ്മ നല്‍കാന്‍ പോലും ഏറെ തയ്യാറെടുപ്പുകള്‍ നടത്തേണ്ടിവരുന്ന, ഭാര്യയ്ക്ക് ഒരു സമ്മാനം കൊടുക്കാന്‍ തോന്നുമ്പോള്‍ പോലും എന്ത് കൊടുക്കണമെന്ന് സ്വയം തീരുമാനമെടുക്കാന്‍ കഴിയാത്തയാള്‍. സുമയാകട്ടെ പരുക്കനായ ഭര്‍ത്താവിനോട് ഒരു അനിഷ്ടവും പ്രകടിപ്പിക്കാതെ, വീടിനകത്ത് കഴിഞ്ഞുകൂടുന്ന കേരളത്തിലെ അനേകം വീട്ടമ്മമാരില്‍ ഒരുവളും. എന്നാല്‍ എലിസബത്തിനും അഭിയ്ക്കും ഇടയിലെ ഇഷ്ടത്തില്‍ ഇത്തരം മറകളില്ല. വൈകാരികമായ അടുപ്പവും പ്രതിസന്ധികളുമെല്ലാം തുറന്നുപറയുന്നവരാണ് അവര്‍. പുതിയകാലത്തെ പ്രണയങ്ങള്‍ വൈകാരികമായി ഇഴയടുപ്പമില്ലാത്ത ഉപരിപ്ളവമായ ബന്ധങ്ങള്‍ മാത്രമാണെന്ന പൊതുധാരണയെ എലിസബത്തിലൂടെ സിനിമ തിരുത്തുന്നു. അതോടൊപ്പം മുന്‍ പ്രണയിനിയെ വീണ്ടും കണ്ടുമുട്ടുന്നതും അവളോട് വീണ്ടും സംസാരിക്കുന്നതും 'അവിശുദ്ധ'മാണെന്നും കുടുംബബന്ധം തകര്‍ക്കുമെന്നുമുള്ള സദാചാര സങ്കല്‍പത്തെയും സിനിമ ചോദ്യംചെയ്യുന്നു.
യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നുനില്‍ക്കുന്ന കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളുമാണ് സിനിമയുടെ ഒരു സവിശേഷത. പ്രണയിക്കുന്നവര്‍ക്കിടയില്‍ ആദ്യഘട്ടത്തില്‍ പരസ്പരം തോന്നുന്ന അതിതീവ്രമായ അടുപ്പവും പിന്നീട് അവരില്‍ ഒരാള്‍ക്ക് ആ ബന്ധം ബാധ്യതയാവുന്നതും എങ്ങനെയെങ്കിലും പിരിഞ്ഞാല്‍ മതിയെന്ന് തോന്നുന്നതും പ്രണയനഷ്ടം ജീവിതത്തെ മാറ്റുന്നതുമൊക്കെ കൃത്രിമത്വമില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ സ്വയം താദാത്മപ്പെടുമ്പോള്‍ തിയറ്ററില്‍ ചിരിയും നൊമ്പരവും പടരുന്നു. പുതുമുഖ നടിയായ രജിഷ കഥാപാത്രത്തെ ഉള്‍ക്കൊണ്ട് അഭിനിയിച്ചിട്ടുണ്ട്. തുടക്കത്തിലെ എലിസബത്ത് എന്ന പൊട്ടിപ്പെണ്ണ് സിനിമ തീരുമ്പോഴേക്കും സാരോപദേശത്തിന്റെ രൂപത്തിലല്ലാതെ തന്നെ ഏറെ കാര്യങ്ങള്‍ സംവദിക്കുന്നുണ്ട്. എലിസബത്തായി അഭിനയിച്ച രജിഷ വിജയനാണ് ഈ സിനിമയിലെ താരം. ആസിഫ് അലിയും ബിജു മേനോനും ആശ ശരത്തും സൌബിനും ശ്രീനാഥുമെല്ലാം സ്വാഭാവിക അഭിനയം കാഴ്ച വെച്ചു.
സിനിമയോട് നീതിപുലര്‍ത്തുന്നതായിരുന്നു ജിംഷി ഖാലിദിന്റെ ഛായാഗ്രഹണവും പ്രശാന്ത് പിള്ളയുടെ സംഗീതവും. മേലുദ്യോഗസ്ഥന്റെ ഫോണ്‍ മോഷ്ടിക്കാന്‍ കള്ളനെ നിയോഗിക്കുന്നത് പോലുള്ള ചില രംഗങ്ങളില്‍ അസ്വാഭാവികതയുണ്ട്. ക്ലൈമാക്സിലെ പള്ളി സീനുകളിലെ ചില സംഭാഷണങ്ങളിലും. അത്രയും മാറ്റിനിര്‍ത്തിയാല്‍ ക്ലീഷെ രംഗങ്ങള്‍ ഒഴിവാക്കി, ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടെയല്ലാതെ ശുദ്ധഹാസ്യം സമ്മാനിച്ച് നല്ലൊരു കാഴ്ചാനുഭവം നല്‍കാന്‍ സംവിധായകന്‍ ഖാലിദ് റഹ്മാനും തിരക്കഥാകൃത്ത് നവീന്‍ ഭാസ്കറിനും കഴിഞ്ഞിട്ടുണ്ട്. അച്ഛാ, എന്തിനാവും എന്നാലുമവളെന്നെ തല്ലിയത് എന്ന ചോദ്യത്തില്‍ തുടങ്ങി ആ ചോദ്യത്തിന്റെ ഉത്തരത്തില്‍ അവസാനിക്കുന്ന ചിത്രം പ്രേക്ഷകരെ പ്രത്യക്ഷത്തില്‍ ഗുണദോഷിക്കാതെ തന്നെ പോസിറ്റീവ് സന്ദേശം കൈമാറുന്നുണ്ട്.