മതവികാരത്തെ വ്രണപ്പെടുത്തി; സീറോ സിനിമക്കെതിരെ ഹൈ കോടതിയില്‍ ഹരജി
സിനിമയുടെ ട്രൈലറില്‍ ഷാറൂഖ് ഖാന്‍ ഒരു ഷോര്‍ട്ട്സും വെസ്റ്റും ധരിച്ച് 500 രൂപ നോട്ടിന്‍റെ മാല അണിഞ്ഞ് ഉറയില്‍ ഇട്ട ഒരു കിര്‍പ്പാനും തൂക്കി നടന്ന് വരുന്ന ഒരു രംഗമുണ്ട്
സീറോ സിനിമയുടെ ട്രൈലറിലൂടെ സിക്ക് സമൂഹത്തെ അതിക്ഷേപിച്ചു എന്ന പരാതിയില്‍ നടന്‍ ഷാറൂഖ് ഖാനെതിരെയും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെയും മുംബൈ ഹൈ കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. സിനിമയുടെ നിര്‍മ്മാതാക്കളായ കരുണ ബാദ്വാല്‍, ഗൌരി ഖാന്‍, സംവിധായകന്‍ ആനന്ദ് എല്‍ റായ്, റെഡ് ചില്ലീസ് എന്‍റര്‍ടെയിന്‍മെന്‍റ് പി.വി.ടി, സെന്‍ട്രല്‍ ബോര്‍ഡ് ഫോര്‍ ഫിലിം സെര്‍ട്ടിഫിക്കേഷന്‍ എന്നിവര്‍ക്കെതിരെ അഭിഭാഷകന്‍ കൂടിയായ അമ്രിത്പാല്‍ സിങ് ഖല്‍സയാണ് ഹരജി ഫയല്‍ ചെയ്തത്.
സിനിമയുടെ ട്രൈലറില്‍ ഷാറൂഖ് ഖാന്‍ ഒരു ഷോര്‍ട്ട്സും വെസ്റ്റും ധരിച്ച് 500 രൂപ നോട്ടിന്‍റെ മാല അണിഞ്ഞ് ഉറയില്‍ ഇട്ട ഒരു കിര്‍പ്പാനും തൂക്കി നടന്ന് വരുന്ന ഒരു രംഗമുണ്ട്. കിര്‍പ്പാന്‍ (ഉറയില്‍ കൊണ്ട് നടക്കുന്ന പ്രത്യേകതരം കത്തി) സിക്ക് മതം സ്വീകരിച്ച ശേഷം ഒരാള്‍ കയ്യിലേന്തുന്ന ആയുധമാണ്. ഇത് മതവുമായി വളരെയധികം ചേര്‍ന്ന് നില്‍ക്കുന്നു. ആയതിനാല്‍ കിര്‍പ്പാന്‍ അനാവശ്യ വസ്ത്രങ്ങള്‍ക്കൊപ്പം ഉപയോഗിച്ചതിനെ തുടര്‍ന്ന് മതവികാരം വൃണപ്പെടുത്തിയെന്നാണ് പരാതിക്കാരന്‍ ഹരജിയില്‍ പറയുന്നത്.
വിവാദ രംഗം ട്രൈലറില്‍ നിന്നും സിനിമയില്‍ നിന്നും ഒഴിവാക്കണമെന്നും ഇല്ലെങ്കില്‍ സിനിമയുടെ റിലീസിനെ തന്നെ അത് ബാധിക്കുമെന്നും നോട്ടീസിലുണ്ട്. കേസ് നവംബര്‍ 19ന് ഹിയര്‍ ചെയ്യും.