വെള്ളപ്പൊക്കത്തില്‍ ബിഹാര്‍, രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ബോട്ടില്‍ ഇരട്ടകള്‍ക്ക് ജന്‍മം നല്‍കി ഒരമ്മ
കനത്ത മഴ മൂലം ബിഹാര്‍ സംസ്ഥാനം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്
കനത്ത മഴ നാശം വിതച്ച ബിഹാറില്‍ ജനജീവിതം ദുരിതത്തിലായിരിക്കുകയാണ്. ഉറ്റ ബന്ധുക്കളെയും കിടപ്പാടവും നഷ്ടപ്പെട്ടവര്‍, ഒരു നേരത്തെ ഭക്ഷണത്തിനായി കഷ്ടപ്പെടുന്നവര്‍. ദിനം തോറും ഉയരുന്ന മരണസംഖ്യ. മരണം പോലെ ജനനവും ഇവിടെ ഒരു പ്രശ്നമായിരിക്കുകയാണ്. ഗര്‍ഭിണികളായ സ്ത്രീകളെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ കഴിയാത്തതു മൂലം പല കുഞ്ഞുങ്ങളും മരണത്തിന് കീഴടങ്ങുന്നു. എന്നാല്‍ ഇതിനിടയില്‍ ചില പ്രതീക്ഷകളുടെ തിരിനാളങ്ങളുമുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ബോട്ട് ഗര്‍ഭിണിയായ സ്ത്രീക്ക് അഭയമായി മാറി, അവിടെ അവള്‍ തന്റെ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കി.
കനത്ത മഴ മൂലം ബിഹാര്‍ സംസ്ഥാനം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. 156 പേര്‍ക്കാണ് വെള്ളപ്പൊക്കത്തില്‍ ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാനാണ് സാധ്യത. ദുംഖവാര്‍ത്തകള്‍ കൊണ്ട് ബീഹാര്‍ തേങ്ങുന്നതിനിടയിലാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ബോട്ടില്‍ നിന്നും ഈ ശുഭവാര്‍ത്ത വന്നിരിക്കുന്നത്. ഞായറാഴ്ച പാറ്റ്നയിലെ ചന്ദ്രപുര ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇരുപത്തിയഞ്ചുകാരിയായ രേഖാ ദേവിയെ ആശുപത്രിയിലെത്തിക്കാന്‍ ബന്ധുക്കള്‍ എന്‍ഡിആര്‍എഫ്(നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ്) ടീമിന്റെ സഹായം തേടുകയായിരുന്നു. അമ്പത് മിനിറ്റിനുള്ളില്‍ ചന്ദ്രപുരയിലെത്തിയ ടീം രേഖയെ പ്രൈമറി ഹെല്‍ത്ത് സെന്ററിലെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അവര്‍ ബോട്ടില്‍ ഇരട്ടകള്‍ക്ക് ജന്‍മം നല്‍കിയത്. ഉടന്‍ തന്നെ അമ്മയെയും മക്കളെയും മോഹന്‍പൂരിലുള്ള ഹെല്‍ത്ത് സെന്ററിലെത്തിക്കുകയും ചെയ്തു. ഇത് മൂന്നാം തവണയാണ് എന്‍ഡിആര്‍എഫ് ബോട്ട് ജനനത്തിന് സാക്ഷിയാകുന്നതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.
ബീഹാറില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് ഭഗല്‍പൂരിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും. ദുരിത സാഹചര്യം വിലയിരുത്താനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതാധികാരികളുടെ യോഗം വിളിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി അഞ്ജനി കുമാര്‍ സിംഗ്, ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡിപ്പാര്‍ട്ടമെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യാസ്ജി, ജില്ലാ മജിസ്ട്രേറ്റ്. പൊലീസ് സൂപ്രണ്ട്, ഡിഐജി,ഐജി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
12 ദുരിത ബാധിത പ്രദേശങ്ങളില്‍ നിന്നായി 5.56 ലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ 2,821 ബോട്ടുകളാണ് ഇറക്കിയിട്ടുള്ളത്.