ചരക്ക് സേവന നികുതി: സമവായം തേടി സര്‍ക്കാര്‍
ഏകീകൃത നികുതി സംവിധാനമായ ചരക്ക് സേവന നികുതിക്കായുള്ള ഭരണഘടനാ ഭേദഗതി ബില്‍ പാര്‍ലമെന്‍റില്‍ പാസാകാന്‍ വഴി ഒരുങ്ങുന്നു.
ഏകീകൃത നികുതി സംവിധാനമായ ചരക്ക് സേവന നികുതിക്കായുള്ള ഭരണഘടനാ ഭേദഗതി ബില്‍ പാര്‍ലമെന്‍റില്‍ പാസാകാന്‍ വഴി ഒരുങ്ങുന്നു. ബില്ലിന്‍മേലുള്ള കോണ്‍ഗ്രസ്സിന്‍റെ എതിര്‍പ്പുകളില്‍ സമവായ ചര്‍ച്ചക്കായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെ കണ്ടു. തുടര്‍ചര്‍ച്ചകള്‍ക്കായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി സോണിയാ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുമായി രണ്ട് ദിവസത്തിനുള്ളില്‍ കൂടിക്കാഴ്ച നടത്തും.
പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ചയാണ് ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായി ചരക്ക് സേവന നികുതി വിഷയത്തില്‍ സമവായം കണ്ടെത്തുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. ഇതു സംബന്ധിച്ച നിര്‍ണായക ചര്‍ച്ചകളാണ് ഡല്‍ഹിയില്‍ ഒരാഴ്ചയായി നടക്കുന്നത്. ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ മൂന്ന് ആവശ്യങ്ങള്‍ കോണ്‍ഗ്രസ്സ് കേന്ദ്രത്തിന് മുന്നില്‍ വച്ചിരുന്നു. പരമാവധി നികുതി നിരക്ക് 18 ശതമാനം എന്നത് നിയമ ഭേദഗതിയില്‍ എഴുതി ചേര്‍ക്കണം എന്നതാണ് അതില്‍ ഒന്ന്. എന്നാല്‍ ഈ ആവശ്യം പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായേക്കും. ഇക്കാര്യത്തില്‍ ചര്‍ച്ചകളാകാമെന്ന് രാജ്യസഭയിലെ കോണ്‍ഗ്രസ് സഭാകക്ഷി ഉപനേതാവ് ആനന്ദ് ശര്‍മ വ്യക്തമാക്കി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ മറ്റു രണ്ട് ആവശ്യങ്ങളില്‍ കേന്ദ്രം കോണ്‍ഗ്രസ്സിന് വഴങ്ങിയേക്കുമെന്നാണ്റിപ്പോര്‍ട്ട്.
ജിഎസ്ടി നടപ്പിലാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ ഉണ്ടാകാനിടയുളള തര്‍ക്കം പരിഹരിക്കാന്‍ പ്രത്യേക സംവിധാനം, പെട്രോള്‍-ഡീസല്‍, മദ്യം, പുകയില, വൈദ്യുതി എന്നിവയും ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുക എന്നിവയാണ് കോണ്‍ഗ്രസ് മുന്നോട്ടുവെച്ച മറ്റു ആവശ്യങ്ങള്‍. തമിഴ്നാട്ടില്‍ നിന്നുള്ള എഐഡിഎംകെ ഒഴികെ മറ്റെല്ലാ പാര്‍ട്ടികളും ചരക്ക് സേനവ നികുതി ബില്ലിന് അനുകൂല നിലപാടിലാണ് ഇപ്പോള്‍. ഈ സാഹല്‍ ഐഐഡിഎംകെയുടെ അതൃപ്ത പരിഹരിക്കാനുള്ള ചര്‍ച്ചകളും കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ തമിഴ്‍നാട് മുഖ്യമന്ത്രി ജയലളിതയുമായി ഫോണില്‍ സംസാരിച്ചിരുന്നു.