മല്യയുടെ രാജ്യസഭാംഗത്വം റദ്ദാക്കണമെന്ന് എത്തിക്സ് കമ്മിറ്റി
രാജ്യസഭയുടെ അന്തസും അഭിമാനവും കാത്തുസൂക്ഷിക്കാന്‍ കുറ്റക്കാരായ എംപിമാര്‍ക്കെതിരെ ഇത്തരം നടപടികള്‍ അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി....
വിവാദ വ്യവസായി വിജയ് മല്യയുടെ രാജ്യസഭാംഗത്വം റദ്ദാക്കണമെന്ന് സഭയുടെ എത്തിക്സ് കമ്മിറ്റി ശിപാര്‍ശ ചെയ്തു. മല്യയുടെ രാജ്യസഭാംഗത്വം റദ്ദ് ചെയ്യുന്നത് നല്ലൊരു സന്ദേശം നല്‍കുമെന്ന് കമ്മിറ്റി വിലയിരുത്തി. താന്‍ രാജ്യസഭാംഗത്വം രാജിവയ്ക്കുകയാണെന്നും രാജികത്ത് രാജ്യസഭ അധ്യക്ഷന് അയച്ചുകൊടുത്തിട്ടുണ്ടെന്നും കമ്മിറ്റിക്ക് നല്‍കിയ മറുപടിയില്‍ മല്യ നേരത്തെ വ്യക്തമാക്കിയിരുന്നു, എന്നാല്‍ രാജി സ്വീകരിക്കാനാകില്ലെന്ന് രാജ്യസഭാധ്യക്ഷന്‍ ഹമീദ് അന്‍സാരി വ്യക്തമാക്കുകയും ചെയ്തിരുന്നു.
രാജ്യസഭാംഗത്വം റദ്ദ് ചെയ്യാനുള്ള അധികാരം എത്തിക്സ് കമ്മിറ്റിക്കില്ലെന്നും നിലവിലുള്ള സാഹചര്യത്തില്‍ നീതി ലഭിക്കുമെന്ന് വിശ്വാസമില്ലെന്നും തന്‍റെ സഹപ്രവര്‍ത്തകരില്‍ വിശ്വാസമില്ലെന്നും കത്തില്‍ മല്യ വ്യക്തമാക്കിയിരുന്നു. ഈ കത്ത് കൂടി പരിശോധിച്ച ശേഷമാണ് കമ്മിറ്റിയുടെ തീരുമാനം. മല്യ ചെയ്ത തെറ്റിന്‍റെ ആഴം കണക്കിലെടുത്ത് രാജ്യസഭാംഗത്വം റദ്ദാക്കുകയല്ലാതെ മറ്റൊന്നും ഉചിതമായ നടപടിയാകില്ലെന്ന വിലയിരുത്തലിലെത്തിയ കമ്മിറ്റി രാജ്യസഭയുടെ അന്തസും അഭിമാനവും കാത്തുസൂക്ഷിക്കാന്‍ കുറ്റക്കാരായ എംപിമാര്‍ക്കെതിരെ ഇത്തരം നടപടികള്‍ അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി.