അഖലാഖിന്റെ കുടുംബത്തിനെതിരെ ഗോവധ നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഹരജി
അഖലാഖിന്റെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്ത മാംസം പശുവിറച്ചി തന്നെയാണെന്നഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തിലാണ് പരാതി
വീട്ടില്‍ ബീഫ് സൂക്ഷിച്ചുവെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ജനക്കൂട്ടം അടിച്ച് കൊന്ന മുഹമ്മദ് അഖലാഖിന്റെ കുടുംബത്തിനെതിരെ ഗോവധ നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ദാദ്രി നിവാസികള്‍ കോടതിയെ സമീപിച്ചു. അഖലാഖിന്റെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്ത മാംസം പശുവിറച്ചി തന്നെയാണെന്ന മഥുരയി ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തിലാണ് പരാതി.
അഖലാഖിന്റെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്ത മാംസം പശുവിറച്ചിയാണെന്ന തരത്തിലുള്ള മധുര ഫോന്‍സിക് ലാബിലെ റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തില്‍ അഖലാഖിന്റെ കുടുംബത്തിനെതിരെ ഗോവധ നിരോധന നിയമപ്രകാരം പൊലീസ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. അഖലാഖിന്റെ കൊലയാളികളുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ദാദ്രിയില്‍ മഹാപഞ്ചായത്ത് ചേര്‍ന്നും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് കേസെടുക്കണമെന്ന ആവശ്യവുമായി ദാദ്രി നിവാസികള്‍ ഗൌതം ബുദ്ധ നഗറിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരിക്കുന്നത്.
ഗോവവധക്കുറ്റത്തിന് ക്രിമിനല്‍ നടപടിചട്ടം 156(3) പ്രകാരം അഖാലാഖിന്റെ കുടുംബത്തിനെതിരെ കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിന് നിര്‍ദേശം കൊടുക്കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെടുന്നത്. ഹരജി കോടതി ജൂണ്‍ 13ന് പരിഗണിക്കും.