ഭോപ്പാലില്‍ ജയില്‍ചാടിയ എട്ടു സിമി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി പൊലീസ്

Update: 2018-03-15 23:38 GMT
ഭോപ്പാലില്‍ ജയില്‍ചാടിയ എട്ടു സിമി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി പൊലീസ്
Advertising

സിമി കേസില്‍ പിടിയിലായ എട്ടു പേരാണ് ഞായറാഴ്ച രാത്രി ജയിലില്‍ നിന്നു രക്ഷപെട്ടത്.

ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട 8 സിമി പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിലാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. ഭോപ്പാല്‍ നഗരത്തിന് സമീപത്തുള്ള എയിന്ത്‌ഖേഡി ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സംഭവത്തെക്കുറിച്ച് എന്‍ഐഎ അന്വേഷണം നടത്തുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൌഹാന്‍ പറഞ്ഞു

ഇന്ന് പുലര്‍ച്ച 2 മണിക്ക് ശേഷമാണ് ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് 8 തടവുകാര്‍ ജയില്‍ ചാടിയത്. ചെന്നൈ റെയില്‍ വേ സ്റ്റേഷന്‍, പൂനെയിലെ പൊലീസ് സ്റ്റേഷനുകള്‍, ഉത്തരാഖണ്ഡിലെ റൂര്‍ക്കി, ഉത്തര്‍പ്രദേശിലെ ബിജ്നൂര്‍ എന്നിവിടങ്ങളില്‍ നടന്ന സ്ഫോടനങ്ങളുമായി ബന്ധപ്പെട്ടാണ് ഇവര്‍ അറസ്റ്റിലായിരുന്നത്. നിരോധിത സംഘടനയായ സിമിക്ക് വേണ്ടിയാണ് ഇവര്‍ സ്ഫോടനങ്ങള്‍ നടത്തിയതെന്നായിരുന്നു അന്വേഷണസംഘത്തിന്റെ ആരോപണം. സെന്‍ട്രല്‍ ജയിലിന്റെ അതീവ സുരക്ഷ മേഖലയായ ബി ബ്ലോക്കിലായിരുന്നു ഇവരെ തടവില്‍ പാര്‍പ്പിച്ചിരുന്നത്. തടവറയുടെ ഭീത്തി തുരന്ന് പുറത്തിറങ്ങിയ പ്രതികള്‍ കിടക്ക വിരികള്‍ കൂട്ടിക്കെട്ടിയാണ് മതില്‍ ചാടിയത്. തടയാന്‍ ശ്രമിച്ച സുരക്ഷ ജീവനക്കാരെ സ്റ്റീല്‍ പാത്രം ഉപയോഗിച്ച് മര്‍ദിക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു.

സമീപത്തെ ഗ്രാമപ്രദേശത്തേക്ക് ഇവര്‍ ഒളിച്ചിരിക്കുന്നതായി പ്രദേശവാസികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ഒരു മണിക്കൂറോളം നീണ്ടു നിന്ന് ഏറ്റുമുട്ടലിലാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. മുജീബ് ഷെയ്ക്ക്, മാജിദ്, അക്കീല്‍, ഖാലിദ്, മുഹമ്മദ് ഷാലിഖ്, ജാക്കിര്‍, മെഹബൂബ് ഷെയ്ക്ക്, അംജദ് എന്നിവരാണ് കൊല്ലപ്പെട്ടത്. മെഹബൂബ് ഷെയ്ക്ക് വാഗമണിലെ സിമി ക്യാന്പില്‍ പങ്കെടുത്തുവെന്ന് ആരോപണം നേരിടുന്ന വ്യക്തിയാണ്. സിമി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ 2 പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. തീവ്രവാദകേസുകളിലെ പ്രതികളാണ് കൊല്ലപ്പെട്ടതിനാല്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൌഹാന്‍ പറഞ്ഞു. ദുരൂഹതയെക്കുറിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പ്രതികരിച്ചില്ല.

Tags:    

Similar News