മുംബൈ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍; കനത്ത ജാഗ്രത
മുംബൈ വിമാനത്താവളത്തില്‍ ലാന്‍ഡിങിന് ശ്രമിക്കുന്നതിനിടെ സമീപത്ത് ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടതായി സ്വകാര്യ വിമാന കമ്പനിയുടെ പൈലറ്റ്.
മുംബൈ വിമാനത്താവളത്തില്‍ ലാന്‍ഡിങിന് ശ്രമിക്കുന്നതിനിടെ സമീപത്ത് ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടതായി സ്വകാര്യ വിമാന കമ്പനിയുടെ പൈലറ്റ്. ഡെറാഡൂണില്‍ നിന്നു വരികയായിരുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സ് 6ഇ - 755 വിമാനത്തിന്റെ പൈലറ്റായ ആശിഷ് രഞ്ജനാണ് വിമാനത്തില്‍ നിന്നു വെറും നൂറു മീറ്റര്‍ അകലെയായി ഡ്രോണ്‍ പറക്കുന്നത് കണ്ടതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതേത്തുടര്‍ന്ന് ഉടന്‍ തന്നെ പൈലറ്റ് മുംബൈ വിമാനത്താവളത്തിലെ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെടുകയും സംഭവം അറിയിക്കുകയും ചെയ്തു. എടിസി ഇക്കാര്യം രഹസ്യാന്വേഷണ ഏജന്‍സിയേയും തീവ്രവാദ വിരുദ്ധ സേനയെയും സ്‍പെഷല്‍ ബ്രാഞ്ച് പൊലീസിനെയും അറിയിച്ചു. മുംബൈയില്‍ ആക്രമണം നടത്താന്‍ തീവ്രവാദികള്‍ ഡ്രോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷ ഏജന്‍സികളുടെ മുന്നറിയിപ്പിനിടെയാണ് സംഭവം. ജാഗ്രതാ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഡ്രോണുകള്‍, റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ചെറുവിമാനങ്ങള്‍, പാരാഗ്ലൈഡിങ്, ബലൂണുകള്‍ തുടങ്ങിയവ മുംബൈ വ്യോമപരിധിയില്‍ നിരോധിച്ചിട്ടുണ്ട്.