ആപ്പിള്‍ സിഇഒ ഈ ആഴ്ച ഇന്ത്യയില്‍
ടിം കുക്കിന്റെ ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനമാണിത്.
ആപ്പിള്‍ സിഇഒ ടിം കുക്ക് ഈ ആഴ്ച ഇന്ത്യ സന്ദര്‍ശിക്കും. ടിം കുക്കിന്റെ ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനമാണിത്. ഈ ആഴ്ച അവസാനം കുക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രാദേശിക തലത്തില്‍ ഐ ഫോണ്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ കമ്പനിയുടെ ആഗോളതലത്തിലെ പങ്കാളികളായ ഫാക്സ്കണ്‍ അദാനിഗ്രൂപ്പുമായി ചേര്‍ന്ന് ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച് കരാര്‍ ഒപ്പുവെച്ചിരുന്നു. മോദിയും ടിം കുക്കും ശനിയാഴ്ച കൂടിക്കാഴ്ച നടത്തുമെന്നാണ് കമ്പനി വക്താക്കള്‍ അറിയിച്ചിരിക്കുന്നത്. ആപ്പിളിന്റെ നവീകരിച്ച ഐ ഫോണുകളുടെ വില്‍പ്പന ഇന്ത്യയില്‍ നിരോധിച്ചതിന് പിന്നാലെയാണ് കുക്കിന്റെ ഇന്ത്യാ സന്ദര്‍ശനം. എന്നാല്‍ ഇത് ചര്‍ച്ച ചെയ്യുകയെന്ന ഉദ്ദേശം മാത്രമല്ല സന്ദര്‍ശനത്തിനുള്ളതെന്ന് കമ്പനി വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം മോദിയുടെ സില്‍ക്കണ്‍വാലി സന്ദര്‍ശനത്തിനിടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട് യുഎസ് കമ്പനികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യയില്‍ ഐ ഫോണുകള്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച് കുക്കുമായി അന്ന് ചര്‍ച്ച ചെയ്തിരുന്നു.