അരുണാചലില്‍ മുഖ്യമന്ത്രി അടക്കം 42 എം.എല്‍.എമാര്‍ കോണ്‍ഗ്രസ് വിട്ടു

Update: 2018-04-20 07:10 GMT
Editor : Ubaid
അരുണാചലില്‍ മുഖ്യമന്ത്രി അടക്കം 42 എം.എല്‍.എമാര്‍ കോണ്‍ഗ്രസ് വിട്ടു
Advertising

മുന്‍ മുഖ്യമന്ത്രി നബാം തുക്കി മാത്രമാണ് കോണ്‍ഗ്രസില്‍ അവശേഷിക്കുന്ന ഏക നിയമസഭാംഗം.

അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. മുഖ്യമന്ത്രി പേമഖണ്ഡു അടക്കം 42 എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് എന്‍ഡിഎയെ പിന്തുണക്കുന്ന പ്രാദേശിക പാര്‍ട്ടിയില്‍ ചേര്‍ന്നു. മുന്‍മുഖ്യമന്ത്രി നബാംതൂക്കി മാത്രമാണ് കോണ്‍ഗ്രസില്‍ അവശേഷിക്കുന്ന ഏക നിയമസഭാംഗം. ഇതോടെ അരുണാചല്‍പ്രദേശിന്റെ ഭരണം എന്‍ഡിഎയുടെ കൈകളിലായി.

കഴിഞ്ഞ 7 മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലിന്റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരണത്തിന് വഴിയൊരുങ്ങുന്നത്. 2011 നവംബറില്‍ 45 അംഗങ്ങളുടെ പിന്തുണയിലാണ് നബാംതൂക്കിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയത്. കഴിഞ്ഞ മാര്‍ച്ചില്‍ വിമത നേതാവ് കലിക്കോ പുലിന്റെ നേതൃത്വത്തില്‍ 24 എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിടുകയും ബിജെപി പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നബാംതൂക്കി സര്‍ക്കാരിനെ നീക്കിയ തീരുമാനം പിന്നീട് സുപ്രീം കോടതി റദ്ദ് ചെയ്തു. ഇതോടെ കഴിഞ്ഞ ജൂലൈ മാസത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇടപെട്ട് വിമതനേതാവ് പേമബണ്ഡുവിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയും കോണ്‍ഗ്രസ് വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിമതപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ കലിക്കോപുല്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് പാര്‍ട്ടിയില്‍ വീണ്ടും പ്രതിസന്ധി രൂക്ഷമായത്. കലിക്കോപുല്ലിന്‍റെ ആത്മഹത്യയോടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് വിരുദ്ധവികാരം ശക്തമായിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രി പേമഖണ്ഡുവിന്റെ നേതൃത്വത്തില്‍ 42 എംഎല്‍എമാരും കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്ന രണ്ട് സ്വതന്ത്ര്യരും പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News