പഞ്ചാബ് ഗോവ വോട്ടെടുപ്പ് അവസാനിച്ചു
പഞ്ചാബില്‍ 70 ശതമാനവും ഗോവയില്‍ 84 ശതമാനവുമാണ് പൊളിംഗ്...
പഞ്ചാബ്, ഗോവ നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. പഞ്ചാബില്‍ 117 മണ്ഡലങ്ങളിലേക്കും ഗോവയില്‍ 40 മണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. പഞ്ചാബില്‍ 70 ശതമാനവും ഗോവയില്‍ 84 ശതമാനവുമാണ് പൊളിംഗ്.
ഗോവയില്‍ രാവിലെ ഏഴിനും പഞ്ചാബില്‍ എട്ട് മണിക്കുമാണ് വോട്ടിംഗ് ആരംഭിച്ചത്. മോശം കാലാവസ്ഥയാണ് പഞ്ചാബിലെ വോട്ടെടുപ്പ് വൈകിപ്പിച്ചത്. ചില ഇടങ്ങളില്‍ വോട്ടിങ് യന്ത്രത്തിലെ തകരാറും പൊളിങിനെ ബാധിച്ചു. പഞ്ചാബില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ഭരണമുന്നണിയായ ബിജെപി അകാലിദള്‍ സഖ്യവും തമ്മിലാണ് പോരാട്ടം. തര്‍ താരന്‍ ജില്ലയില്‍ അകാലിദള്‍ പ്രവര്‍ത്തന്‍ ആം ആദ്മി പ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തത് ഒഴിവാക്കിയാല്‍ മറ്റ് അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല. പഞ്ചാബില്‍ പൊളിങ് വൈകി തുടങ്ങിയിട്ടും അധികസമയം അനുവദിക്കാത്തതിനെതിരെ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി.
ചതുഷ്‌കോണമത്സരം നടക്കുന്ന ഗോവയില്‍ കനത്ത പൊളിങാണ് രേഖപ്പെടുത്തിയത്. കോണ്‍ഗ്രസിനും ബിജെപിക്കും ആം ആദ്മിപാര്‍ട്ടിക്കും പുറമേ ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ ആര്‍എസ്എസ് നേതാവ് സുഭാഷ് വെലിങ്കാര്‍ രൂപീകരിച്ച ഗോവ സുരക്ഷ മഞ്ചിന്റെ നേതൃത്വത്തിലുള്ള സഖ്യവും മത്സരരംഗത്തുണ്ട്. ഇരുസംസ്ഥാനത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.