യുപിയില്‍ വിദേശികള്‍ക്ക് നേരെ ആക്രമണം; സര്‍ക്കാറിനോട് വിശദീകരണം തേടി സുഷമ സ്വരാജ്
സ്വിറ്റ്സര്‍ലന്റ് സ്വദേശികളായ ക്വിന്റിന്‍ ജെറമി ക്ലെര്‍ക്(24), ഭാര്യ മേരി എന്നിവരാണ് ആക്രമണത്തിനിരയായത്. സംഭവത്തില്‍ ഉത്തർപ്രദേശ് സർക്കാറിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്..
യുപിയിലെ ആഗ്രയില്‍ വിദേശ ദമ്പതികള്‍ക്ക് നേരെ ആക്രമണം. സ്വിറ്റ്സര്‍ലന്റ് സ്വദേശികളായ ക്വിന്റിന്‍ ജെറമി ക്ലെര്‍ക്(24), ഭാര്യ മേരി എന്നിവരാണ് ആക്രമണത്തിനിരയായത്.
സംഭവത്തില്‍ ഉത്തർപ്രദേശ് സർക്കാറിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. വിഷയം ശ്രദ്ധയില്‍പെട്ടതായും സംസ്ഥാന സർക്കാറിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുഷമ ട്വിറ്ററില്‍ കുറിച്ചു. ആഗ്രയിലെ ഫത്തേപൂര്‍ സിക്രിയിൽ വെച്ച് യുവാക്കളുടെ ഒരു സംഘം ആക്രമിക്കുകയായിരുന്നെന്നാണ് സ്വിറ്റ്സർലൻഡ് ദമ്പതികളുടെ മൊഴി. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ദമ്പതികള്‍ ഡല്‍ഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഉത്തര്‍ പ്രദേശിലെത്തുന്ന വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി യോഗീ ആദിത്യനാഥ് പ്രതികരിച്ചു. വിനോദ സഞ്ചാരികളെ അക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും യോഗി ആഗ്രയില്‍ പറഞ്ഞു. സംഭവത്തില്‍ അതൃപ്തി രേഖപ്പെടുത്തി കേന്ദ്രം ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. അക്രമികളില്‍ ഒരാളെ പിടികൂടിയതായി യു.പി പോലീസ് അറിയിച്ചു.