രാജ്യസഭയില്‍ കോണ്‍ഗ്രസിനെ ആക്രമിക്കുന്നതില്‍ നിന്നും ബിജെപി പിന്മാറുന്നു
നിര്‍ണായകമായ ബില്ലുകള്‍ പാസാക്കാന്‍ ആലോചിക്കുന്ന ബജറ്റ് സമ്മേളനമായതിനാല്‍ പ്രതിപക്ഷത്തെ രാജ്യസഭയില്‍ പ്രകോപിക്കേണ്ടതില്ല എന്നതാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.
അഗസ്ത വെസ്റ്റ്‌ലാന്റ് വിഷയത്തില്‍ രാജ്യസഭയില്‍ കോണ്‍ഗ്രസിനെ ആക്രമിക്കാനുള്ള നീക്കത്തില്‍ നിന്ന് ബിജെപി പിന്മാറുന്നു. രാജ്യസഭയില്‍ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി വിഷയം ഉയര്‍ത്തിയെങ്കിലും കോണ്‍ഗ്രസ് പ്രതിഷേധത്തോടെ പിന്‍വാങ്ങുകയായിരുന്നു. നിര്‍ണായകമായ ബില്ലുകള്‍ പാസാക്കാന്‍ ആലോചിക്കുന്ന ബജറ്റ് സമ്മേളനമായതിനാല്‍ പ്രതിപക്ഷത്തെ രാജ്യസഭയില്‍ പ്രകോപിക്കേണ്ടതില്ല എന്നതാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.
ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധമുയര്‍ത്തിയ കോണ്‍ഗ്രസിനെ ആക്രമിക്കാനാണ് ബിജെപി അഗസ്ത വെസ്റ്റിലാന്റ് വിഷയം ഉയര്‍ത്തി കൊണ്ട് വന്നത്. എന്നാല്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ച കോണ്‍ഗ്രസ്, യുപിഎ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തിയ കമ്പനിക്ക് ബിജെപി ക്ലീന്‍ചിറ്റ് നല്‍കിയെന്ന ആരോപണവും ഉന്നയിച്ച് പ്രതിരോധം തീര്‍ത്തു.
സോണിയ ഗാന്ധിക്ക് ഇടപാടില്‍ പങ്കുണ്ടെന്ന സുബ്രമഹ്ണ്യന്‍ സ്വാമിയുടെ പരാമര്‍ശം തുടര്‍ച്ചയായ 2 ദിവസവും സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇന്ന് സുബ്രഹ്ണ്യന്‍ സ്വാമി വിഷയം സഭയില്‍ ഉയര്‍ത്തിയെങ്കിലും കോണ്‍ഗ്രസ് ഉയര്‍ത്തിയ പ്രതിരോധം മറികടക്കാനായില്ല. ചരക്ക് സേവന നികുതി ബില്‍ അടക്കം പാസാക്കാന്‍ പ്രതിപക്ഷത്തിന്റെ സഹകരണം ആവശ്യമായതിനാല്‍ രാജ്യസഭയില്‍ പ്രകോപനമുണ്ടാക്കേണ്ട എന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിനുള്ളത്.
അതേസമയം ലോക്‌സഭയില്‍ തിങ്കളാഴ്ച അഗസ്ത വെസ്റ്റ്‌ലാന്റ് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ പത്താന്‍കോട്ട്, ഭാരത് മാതാ വിവാദം, ജെഎന്‍യു എന്നീ വിഷയങ്ങള്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഇരുസഭകളിലും ആയുധമാക്കാനാണ് പ്രതിപക്ഷനീക്കം. ഭാരത് മാതാ വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ന് രാജ്യസഭ ഒരുതവണ തടസപ്പെട്ടു. ഉച്ചകഴിഞ്ഞ് സഭ ചേരുന്നതിനാവശ്യമായ അംഗസംഖ്യയില്ലാത്തതിനാല്‍ രാജ്യസഭ നേരത്തെ പിരിഞ്ഞു.