‘ലോക സഞ്ചാരി’യായ മോദി വരള്‍ച്ച പ്രദേശങ്ങളും സന്ദര്‍ശിക്കണമെന്ന് ശിവസേന
ലോകരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തുന്ന നരേന്ദ്ര മോദി വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ തയ്യാറാവാത്തതിനെ വിമര്‍ശിച്ചാണ് ശിവസേന രംഗത്തെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി സഖ്യകക്ഷിയായ ശിവസേന രംഗത്ത്. ലോകരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തുന്ന നരേന്ദ്ര മോദി വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ തയ്യാറാവാത്തതിനെ വിമര്‍ശിച്ചാണ് ശിവസേന രംഗത്തെത്തിയത്. പ്രധാനമന്ത്രി ലോക നേതാവാണ്. തിരഞ്ഞെടുപ്പു സമയത്ത് 20 റാലികൾ വരെ സംഘടിപ്പിക്കുന്ന മോദി എന്നാൽ വരൾച്ചകൊണ്ട് ബുദ്ധിമുട്ടുന്ന മറാത്ത്‍വാഡ സന്ദർശിക്കുകയും ഇവിടെ എന്താണ് നടക്കുന്നതെന്ന് ശ്രദ്ധിക്കാത്തതും എന്തുകൊണ്ടാണെന്നും ശിവസേന നേതാവ് സഞ്ജയ് റൗത്ത് ചോദിച്ചു. മറാത്ത്‍വാഡയിലെ എട്ടു ജില്ലകളില്‍ കടുത്ത ജലക്ഷാമമാണ് ഇപ്പോഴുള്ളത്. ലാത്തൂര്‍ അടക്കമുള്ള പ്രദേശങ്ങളില്‍ പ്രത്യേക ട്രെയിനുകളിലാണ് ഇപ്പോള്‍ കുടിവെള്ളമെത്തിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന മുഖപത്രവും രംഗത്തെത്തി. തിരഞ്ഞെടുപ്പിനു മുൻപ് വലിയ വാഗ്ദാനങ്ങളാണ് മോദി നൽകിയത്. കള്ളപ്പണം തിരികെ കൊണ്ടുവരും. എല്ലാവർഷവും 20 മില്യൺ തൊഴിലവസരങ്ങൾ കൊണ്ടുവരും. അഛേദിൻ വരും എന്നല്ലാമായിരുന്നു ഇവ. പക്ഷേ, മോദി പ്രധാനമന്ത്രിയായപ്പോൾ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടു- ശിവസേനയുടെ മുഖപത്രമായ സാമ്നയിലെ മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി.
ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്ര നിലപാടിനെയും ശിവസേന ശക്തമായി എതിര്‍ത്തിട്ടുണ്ട്. കോണ്‍ഗ്രസിനെ താഴെയിറക്കാന്‍ അത്തരമൊരു നടപടി പാടില്ലെന്ന് ശിവസേന വാദിക്കുന്നു.
മഹാരാഷ്ട്രയില്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയാണ് ശിവസേന സര്‍ക്കാര്‍ ഭരിക്കുന്നത്.