സംഗീതവും ആയുധമാക്കി പാക് ഹാക്കര്‍മാര്‍; ലക്ഷ്യം ഇന്ത്യന്‍ വിമാനങ്ങള്‍
നിയന്ത്രണരേഖക്ക് സമീപമുള്ള ജമ്മു, തോയിസ് വിമാനത്താവളങ്ങളില്‍ ഇറങ്ങുന്ന ഇന്ത്യന്‍ വിമാനങ്ങളെ അപകടപ്പെടുത്താന്‍ സംഗീതവും ആയുധമാക്കി പാകിസ്താനി ഹാക്കര്‍മാര്‍
നിയന്ത്രണരേഖക്ക് സമീപമുള്ള ജമ്മു, തോയിസ് വിമാനത്താവളങ്ങളില്‍ ഇറങ്ങുന്ന ഇന്ത്യന്‍ വിമാനങ്ങളെ അപകടപ്പെടുത്താന്‍ സംഗീതവും ആയുധമാക്കി പാകിസ്താനി ഹാക്കര്‍മാര്‍. ജമ്മു വിമാനത്താവളത്തിലും തോയിസിലെ വ്യോമസേനാ താവളത്തിലും ഇറങ്ങാന്‍ ശ്രമിക്കുന്ന വിമാനങ്ങളെയാണ് ഹാക്കര്‍മാര്‍ നോട്ടമിടുന്നത്.
വിമാനത്താവളത്തിലേക്ക് അടുക്കുമ്പോള്‍ ജമ്മു എയര്‍ ട്രാഫിക് കണ്‍ട്രോളുമായി വിമാനത്തിലെ പൈലറ്റ് ബന്ധപ്പെടും. ഈ സമയം എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ ഫ്രീക്വന്‍സിയിലേക്ക് പാക് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറും. പിന്നീട് കണ്‍ട്രോള്‍ റൂമില്‍ നിന്നു റണ്‍വേയിലേക്ക് അടുക്കുന്ന വിമാനത്തിന് ലഭിക്കേണ്ട നിര്‍ദേശങ്ങള്‍ക്ക് പകരം പാകിസ്താനി ദേശഭക്തി ഗാനങ്ങളായിരിക്കും പൈലറ്റിന് കേള്‍ക്കാന്‍ കഴിയുക. ജമ്മുവിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ഇന്ത്യ വിമാനത്തിലെ പൈലറ്റുമാര്‍ക്കും തോയിസിലേക്ക് പറക്കുന്ന സൈനിക വിമാനത്തിലെ പൈലറ്റുമാര്‍ക്കുമാണ് റണ്‍വേ തൊടുന്നതിനു മുമ്പ് പാക് ദേശഭക്തി ഗാനങ്ങള്‍ കേള്‍ക്കേണ്ട ദുര്‍വിധി.
ദില്‍ ദില്‍ പാകിസ്താന്‍, ജാന്‍ ജാന്‍ പാകിസ്താന്‍ തുടങ്ങിയ ഗാനങ്ങളാണ് കോക്‍പിറ്റില്‍ മുഴങ്ങുന്നതെന്ന് ഒരു മുതിര്‍ന്ന പൈലറ്റ് പറഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉടന്‍ തന്നെ പൈലറ്റ് ഉധംപൂരിലെ നോര്‍ത്ത് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടും. തുടര്‍ന്ന് പുതുതായി സെറ്റ് ചെയ്യുന്ന ജമ്മുവിലെ ഫ്രീക്വന്‍സിയില്‍ നിന്നു ലഭിക്കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും വിമാനം റണ്‍വേയില്‍ ഇറങ്ങുക. പുതുതായി സെറ്റ് ചെയ്യുന്ന ഫ്രീക്വന്‍സിയിലേക്ക് പെട്ടെന്ന് ഹാക്കര്‍മാര്‍ക്ക് നുഴഞ്ഞു കയറാന്‍ കഴിയാറില്ല. ഈ സമയം കൊണ്ടാണ് പൈലറ്റുമാര്‍ വിമാനം എയര്‍പോര്‍ട്ടില്‍ ഇറക്കുക. പതിനായിരം അടിയില്‍ നിന്നു താഴേക്ക് എത്തുന്ന സാഹചര്യത്തിലായിരിക്കും ഹാക്കര്‍മാര്‍ പണി തുടങ്ങുക. ഹാക്കര്‍മാരുടെ ശല്യം രൂക്ഷമായതോടെ തുടര്‍ച്ചയായി ഫ്രീക്വന്‍സി മാറ്റേണ്ട അവസ്ഥയിലാണ് ജമ്മു, തോയിസ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമുകള്‍. കനത്ത ജാഗ്രതയിലാണ് ഇവിടെ വിമാനം ഇറക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.