ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കുരുടന്‍മാരുടെ നാട്ടില്‍ ഒറ്റക്കണ്ണന്‍ രാജാവിനെ പോലെയെന്ന് രഘുറാം രാജന്‍

Update: 2018-05-06 21:02 GMT
Editor : admin
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കുരുടന്‍മാരുടെ നാട്ടില്‍ ഒറ്റക്കണ്ണന്‍ രാജാവിനെ പോലെയെന്ന് രഘുറാം രാജന്‍
Advertising

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കുരുടന്‍മാരുടെ നാട്ടില്‍ ഒറ്റക്കണ്ണന്‍ രാജാവായതു പോലെയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കുരുടന്‍മാരുടെ നാട്ടില്‍ ഒറ്റക്കണ്ണന്‍ രാജാവായതു പോലെയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. ആഗോള സമ്പത്തിക മാന്ദ്യം ലോകത്തെ പിടിച്ചുലച്ചപ്പോഴും തിളക്കമുള്ള സാമ്പത്തിക രംഗമായാണ് ഇന്ത്യയെ ഐഎംഎഫ് അടക്കമുള്ള കേന്ദ്രങ്ങള്‍ വിലയിരുത്തിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകബാങ്കിന്റേയും ഐഎംഎഫിന്റേയും യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു രഘുറാം രാജന്‍.

സമ്പദ് വ്യവസ്ഥയില്‍ താരതമ്യേന സ്ഥിരത നിലനിര്‍ത്താന്‍ ഇന്ത്യക്ക് കഴിയുന്നുണ്ട്. എന്നാല്‍ ആഗോളതലത്തിലുണ്ടാകുന്ന മാറ്റങ്ങളില്‍ നിന്നു പൂര്‍ണമായും രക്ഷ നേടാന്‍ ഇന്ത്യക്ക് സാധിക്കില്ല. പക്ഷേ ഇത്തരത്തില്‍ ഉടലെടുക്കുന്ന പ്രതിസന്ധികളെ ഒരുപരിധി വരെ പ്രതിരോധിക്കാന്‍ ഇന്ത്യക്കാവുമെന്നും രഘുറാം രാജന്‍ പറഞ്ഞു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കഴിഞ്ഞ സാമ്പത്തിക വര്‍ഷങ്ങളില്‍ കൈവരിച്ച നേട്ടങ്ങള്‍ അദ്ദേഹം അക്കമിട്ടു നിരത്താനും മറന്നില്ല. പണപ്പെരുപ്പം 11 ശതമാനത്തില്‍ നിന്നു 5 ശതമാനത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതായും ഇത് പലിശ നിരക്കുകള്‍ കുറക്കാന്‍ ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇനിയും ഇന്ത്യക്ക് എത്തിപ്പിടിക്കാനുള്ള ലക്ഷ്യങ്ങളുണ്ട്. സമ്പദ് വ്യവസ്ഥയില്‍ ഘടനാപരമായ മാറ്റങ്ങള്‍ ആവശ്യമാണ്. പാപ്പരത്വം സംബന്ധിച്ച നയത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ തേടുകയാണ് സര്‍ക്കാരെന്നും രഘുറാം രാജന്‍ പറഞ്ഞു. ഇന്ത്യയിലെ രണ്ടു ബാങ്കുകളിലെ അക്കൗണ്ടുകള്‍ തമ്മില്‍ മൊബൈല്‍ വഴി ഇടപാട് നടത്തുന്നതിനുള്ള പ്‌ളാറ്റ്‌ഫോം സര്‍ക്കാര്‍ അടുത്തിടെ കൊണ്ടുവന്ന കാര്യവും അദ്ദേഹം നേട്ടങ്ങളുടെ പട്ടികയില്‍ ചൂണ്ടിക്കാട്ടി.

ചൈനയുമായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ താരതമ്യം ചെയ്യാനുള്ള ചോദ്യത്തിനും രാജന്‍ മറുപടി നല്‍കി. വിപ്ലവകരമായ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാനും അതിന്റെ പ്രതിഫലനം സമ്പദ് വ്യവസ്ഥയില്‍ കൊണ്ടുവരാനുള്ള നടപടികളില്‍ ഇന്ത്യ ചൈനയേക്കാള്‍ ഒരു പതിറ്റാണ്ട് പിന്നിലാണെന്ന് രാജന്‍ പറഞ്ഞു. എന്നാല്‍ ഈ അവസ്ഥ മറികടക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നും രാജന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News