അസാധു നോട്ടുകള്‍ മാറ്റി വാങ്ങാന്‍ ഒരവസരം കൂടി
ഡിസംബര്‍ 30നകം പഴയ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ കഴിയാത്തവരുടെ അപേക്ഷ കണത്തിലെടുത്താണ് ആര്‍ബിഐയുടെ പുതിയ നീക്കമെന്നാണ് വിവരം
അസാധുവാക്കിയ 500, 1000 നോട്ടുകള്‍ മാറ്റിവാങ്ങാന്‍ റിസര്‍വ് ബാങ്ക് ഒരവസരം കൂടി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പരിധി ഏര്‍പ്പെടുത്തിയായിരിക്കും അവസരം നല്‍കുക. ഡിസംബര്‍ 30നകം പഴയ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ കഴിയാത്തവരുടെ അപേക്ഷ കണത്തിലെടുത്താണ് ആര്‍ബിഐയുടെ പുതിയ നീക്കമെന്നാണ് വിവരം.
നവംബര്‍ 8ന് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ ഡിസംബര്‍ 30വരെയാണ് അസാധു നോട്ടുകള്‍ മാറിവാങ്ങാന്‍ അനുവദിച്ച സമയപരിധി. ഇതിന് ശേഷം ഒരവസരം കൂടി നല്‍കിയേക്കുമെന്ന സൂചനകളും നല്‍കിയിരുന്നു. ഈ സമയ പരിധിക്കുള്ളില്‍ നാട്ടിലെത്താന്‍ കഴിയാതിരുന്ന പ്രവാസികള്‍ക്ക് ആര്‍ ബി ഐ പ്രധാന കേന്ദ്രങ്ങളില്‍ നോട്ടുകള്‍ മാറി വാങ്ങാന്‍ മാര്‍ച്ച് 31വരെയും സമയം നല്‍കി.
രാജ്യത്തുള്ളവര്‍ക്ക് നോട്ട് മാറിവാങ്ങാന്‍ നല്‍കിയ കാലാവധിക്ക് ശേഷവും നിരവധി പേരാണ് പരാതികളുമായി ബാങ്കുകളിലെത്തുന്നത്. അസൌകര്യങ്ങളാല്‍ ബാങ്കുകളിലെത്തി നോട്ടുകള്‍ മാറിവാങ്ങാന്‍ കഴിയാത്തവരും പ്രഖ്യാപനം അറിയാതെ പോയവരും ഇക്കൂട്ടത്തിലുണ്ട്. ഈ സാഹചര്യത്തിലാണ് അസാധുവാക്കിയ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ഒരു അവസരം കൂടി നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനെ പാര്‍ലമെന്റെറി അക്കൌണ്ട്സ് കമ്മിറ്റി വിളിച്ച് വരുത്തിയപ്പോഴും ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.