യുപി സര്‍ക്കാരിന്റെ പുതിയ കലണ്ടറില്‍ താജ്മഹല്‍
താജ്മഹലിന്റെ ചിത്രവുമായിട്ടാണ് 2018ലെ കലണ്ടര്‍ പുറത്തിറക്കിയിരിക്കുന്നത്
താജ്മഹലിനെതിരെയുള്ള ബിജെപി നേതാവിന്റെ വിവാദപ്രസ്താവനയുടെ അലകള്‍ അടങ്ങും മുന്‍പ് മറ്റൊരു തന്ത്രവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. താജ്മഹലിന്റെ ചിത്രവുമായിട്ടാണ് 2018ലെ കലണ്ടര്‍ പുറത്തിറക്കിയിരിക്കുന്നത്. പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പൈതൃക കലണ്ടറിലാണ് താജ്മഹലിനെ ഉള്‍പെടുത്തിയത്. ചിത്രത്തോടൊപ്പം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഫോട്ടോയും ചേര്‍ത്തിട്ടുണ്ട്. ഇത് കൂടാതെ ഗൊരഖ്പൂരിലെ ഗൊരഖ്‌നാഥ് ക്ഷേത്രം, ബനാറസിലെ കാശി വിശ്വനാഥ് ക്ഷേത്രം, ഝാന്‍സി കോട്ട, സര്‍നാത് തുടങ്ങിയ സ്ഥലങ്ങളും കലണ്ടറിലുണ്ട്.
ബി.ജെ.പി എം.എല്‍.എ സംഗീത് സോമാണ് താജ്മഹലിനെതിരായ പ്രസ്താവനയുമായി രംഗത്തെത്തിയത്. ഇന്ത്യന്‍ സംസ്കാരത്തിനേറ്റ കളങ്കമാണെന്നായിരുന്നു സോമിന്റെ പ്രസ്താവന. ഇത് അന്തര്‍ദേശീയ തലത്തിലടക്കം ചര്‍ച്ചയായി. കൂടാതെ യോഗി ആദ്യത്യനാഥ് മന്ത്രിസഭ അധികാരമേറ്റ് ആറുമാസത്തിനുള്ളില്‍ പുറത്തിറക്കിയ ടൂറിസം കൈപുസ്തകത്തില്‍ താജ്മഹലിനെ ഉള്‍പ്പെടുത്താത്തതും വിവാദമായിരുന്നു. ഇതിനിടിയിലാണ് പുതിയ കലണ്ടറില്‍ താജ്മഹലിനെ ഉള്‍പ്പെടുത്തിയത്. വരുന്ന 26ന് ആദിത്യനാഥ് താജ്മഹലും ആഗ്രയും സന്ദര്‍ശിക്കുന്നുണ്ട്.
അലഹബാദിലെ പ്രയാഗ്‍രാജ് ത്രിവേണി സംഗമം, അയോധ്യയിലെ രാം കി പൌഡി, മധുരയിലെ ശ്രീകൃഷ്ണ ജന്‍മസ്ഥാന്‍ ക്ഷേത്രം തുടങ്ങിയവും കലണ്ടറില്‍ ഇടംപിടിച്ചിട്ടുണ്ട്.