ജഡ്ജി ലോയയുടെ മരണം സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്
സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ ജഡ്ജി ലോയയുടെ മരണം സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കോണ്‍ഗ്രസ്.
സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ ജഡ്ജി ലോയയുടെ മരണം സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കോണ്‍ഗ്രസ്. തെളിവുകളില്‍ കൃത്രിമം നടന്നിട്ടുണ്ട്. മരിച്ച നിലയില്‍ കണ്ടെത്തിയ നാഗ്പൂരിലെ ഗസ്റ്റ് ഹൌസിലേക്ക് ജഡ്ജി ലോയ എത്തിയതിന് രേഖകളില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട തെളിവുകളിലെ കൃത്രിമം തെളിയിക്കുന്ന രേഖകളുമായാണ് കോണ്‍ഗ്രസ് ആരോപണം ശക്തമാക്കിയിരിക്കുന്നത്. ലോയയുടെ മരണത്തിന് മുന്‍പും പിന്‍പുമുള്ള സാഹചര്യങ്ങള്‍ ദുരൂഹമാണ്. മരിച്ച നിലയില്‍ കാണപ്പെടുന്നതിന് ഒരാഴ്ച മുന്‍പ് ജഡ്ജ് ലോയക്ക് ഏര്‍പ്പെടുത്തിയ പൊലീസ് സുരക്ഷ പിന്‍വലിച്ചു. മുംബൈയില്‍ നിന്നും ലോയ നാഗ്പൂരിലേക്ക് യാത്ര ചെയ്തതിന് തെളിവില്ല. ലോയയുടെ ആന്തരിക അവയവ പരിശോധന ഫലത്തില്‍ പൊരുത്തക്കേടുകളുണ്ടെന്നും മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.
ലോയ കേസിലെ ദുരൂഹത ആദ്യം പുറത്ത് കൊണ്ടുവന്ന അഭിഭാഷകരായ ശ്രീകാന്ത് കണ്ടാല്‍ക്കര്‍, സതീഷ് ഉള്‍പ്പെടെയുള്ളവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.