ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളി
ഇലക്ട്രോണിക് യന്ത്രം ഉപയോഗിച്ച് തന്നെ ഏപ്രില്‍ 22 വോട്ടെടുപ്പ് നടക്കുമെന്ന് കമ്മീഷന്‍
ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഒഴിവാക്കി ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന ആം ആദ്മി പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളി. ഇലക്ട്രോണിക് യന്ത്രം ഉപയോഗിച്ച് തന്നെ ഏപ്രില്‍ 22 വോട്ടെടുപ്പ് നടക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. വോട്ടിംഗ് യന്ത്രത്തെ ഒഴിവാക്കുന്നതിനെ എതിര്‍ത്ത് നേരത്തെ ബിജെപി രംഗത്ത് വന്നിരുന്നു.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ അത്ഭുത വിജയത്തിന് പിന്നില്‍ വോട്ടിംഗ് മെഷീനിലെ ക്രമക്കേടാണെന്നാരോപിച്ച് ബിഎസ്പി നേതാവ് മായാവതി രംഗത്തെത്തിയിരുന്നു. ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിരവധി നേതാക്കളും പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അരവിന്ദ് കെജ്രിവാളിന്‍റെയും, അജയ് മാക്കന്‍റെയും ആവശ്യം. ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് പകരം, ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന് ഇരുവരും തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍ പറയുന്നു. എന്നാല്‍ ആവശ്യത്തെ കമ്മീഷന്‍ നിരസിച്ചു. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലായിരുന്നു കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്.
ഡല്‍ഹിയിലെ മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 22 നടക്കുമെന്നും, ഫലം 25ന് പ്രഖ്യാപിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. ഇവിഎം മെഷീന്‍ മാറ്റണമെന്ന ആവശ്യത്തെ എതിര്‍ത്ത് ബിജെപിയും രംഗത്തെത്തി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ സംശയമുണ്ടെങ്കില്‍, ഡല്‍ഹി നിയമസഭയില്‍ ജയിച്ച 67 മണ്ഡലങ്ങളിലും കെജ്രിവാള്‍ റീ പോളിംഗിന് തയ്യാറുണ്ടോയെന്ന് ബിജെപി ചോദിച്ചു.