കാര്‍ഷിക, ഗ്രാമീണ മേഖലയ്ക്ക് ഊന്നല്‍; ആദായനികുതി പരിധിയില്‍ മാറ്റമില്ല

Update: 2018-05-24 01:09 GMT
കാര്‍ഷിക, ഗ്രാമീണ മേഖലയ്ക്ക് ഊന്നല്‍; ആദായനികുതി പരിധിയില്‍ മാറ്റമില്ല
Advertising

ഗ്രാമീണ, കാര്‍ഷിക മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി എന്‍ഡിഎ സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റ്.

ഗ്രാമീണ, കാര്‍ഷിക മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി എന്‍ഡിഎ സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റ്. 10 കോടി ദരിദ്ര കുടുംബങ്ങളിലെ 50 കോടി പേര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു. കര്‍ഷകര്‍ക്ക് ഉല്‍പ്പാദന ചെലവിനെക്കാള്‍ 50 ശതമാനം അധിക വില ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചു. കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് പ്രഖ്യാപിച്ചപ്പോള്‍ ആദായനികുതി നിരക്കില്‍ മാറ്റമില്ല.

ഇന്ത്യ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണെന്ന് ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി പറഞ്ഞു. ആറാമത്തെ സാമ്പത്തികശക്തിയായി ഇന്ത്യ മാറും. ജിഎസ്‍ടി വന്നതോടെ പരോക്ഷ നികുതി സമ്പ്രദായം ലളിതമായെന്ന് മന്ത്രി അവകാശപ്പെട്ടു. മൂന്ന് വര്‍ഷത്തിനിടെ ശരാശരി 7.5 ശതമാനം വളര്‍ച്ച കൈവരിച്ചു. എട്ട് ശതമാനത്തിലധികം വളര്‍ച്ചയാണ് ലക്ഷ്യം. ഗ്രാമീണ സമ്പദ് വ്യവസ്ഥയും കൃഷിയും ശക്തിപ്പെടുത്തും. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തും. ആദായ നികുതി വരുമാനത്തില്‍ വര്‍ധനയുണ്ടായി. ആധാര്‍ നിര്‍ബന്ധമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

കാര്‍ഷികം

ഉല്‍പാദന ചെലവിനേക്കാള്‍ 50 ശതമാനം അധികം വില കര്‍ഷകര്‍ക്ക് ലഭ്യമാകും. പ്രഖ്യാപിക്കുന്ന താങ്ങുവില കര്‍ഷകര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കും. കാര്‍ഷിക വായ്പകള്‍ക്കായി 11,80,000 കോടി നല്‍കും. കാര്‍ഷികവിളകളുടെ സംഭരണത്തിനും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. ഗ്രാമീണ ചന്തകളുടെ നവീകരണത്തിന് തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തും. ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ പ്രത്യേക പദ്ധതി. ഇതിനായി 500 കോടി രൂപ വകയിരുത്തും. കൃഷിഭൂമി, വിപണന കേന്ദ്രങ്ങള്‍, ആശുപത്രികള്‍ എന്നിവ ബന്ധിപ്പിച്ച് റോഡ് വികസനം. കയറ്റുമതി ഉദാരമാക്കാന്‍ 42 കാര്‍ഷിക പാര്‍ക്കുകള്‍. കാര്‍ഷിക ഉത്പന്നങ്ങള്‍ സംസ്കരിച്ച് വിപണനം ചെയ്യാന്‍ സംവിധാനമുണ്ടാക്കും. ജൈവകൃഷിക്ക് പ്രാമുഖ്യം നല്‍കും. ഫിഷറീസിനും മൃഗസംരക്ഷണത്തിനുമായി 10000 കോടി രൂപ.

സാമൂഹ്യ പദ്ധതികള്‍

2022ഓടെ എല്ലാവര്‍ക്കും വീട് ലക്ഷ്യം. അടുത്ത സാമ്പത്തിക വര്‍ഷം ഗ്രാമങ്ങളില്‍ 11 ലക്ഷം വീട്. ദരിദ്ര സ്ത്രീകള്‍ക്ക് എട്ട് കോടി സൌജന്യ പാചക വാതക കണക്ഷന്‍ നല്‍കും. രണ്ട് കോടി കക്കൂസുകള്‍ നിര്‍മിക്കും. ഗ്രാമീണ മേഖലയില്‍ അടിസ്ഥാന സൌകര്യ വികസനത്തിന് 14.34 ലക്ഷം കോടി. 321 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കും. വിദ്യാലയങ്ങളിലെ അടിസ്ഥാന സൌകര്യ വികസനത്തിന് ഒരു ലക്ഷം കോടി. പട്ടിക വിഭാഗങ്ങള്‍ക്ക് 70,000 കോടിയിലേറെ രൂപ നീക്കിവെക്കും

ആരോഗ്യ മേഖല

രാജ്യമാകെ ഒരു ലക്ഷം ആരോഗ്യ കേന്ദ്രങ്ങള്‍ക്കായി 12000 കോടി രൂപ വകയിരുത്തും. 10 കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രത്യേക ആരോഗ്യ സംരക്ഷണ പദ്ധതി. വര്‍ഷത്തില്‍ അഞ്ച് ലക്ഷം രൂപയുടെ സഹായം ലഭ്യമാക്കും. 10 കോടി കുടുംബങ്ങളിലെ 50 കോടി പേര്‍ക്ക് ഈ സഹായം ലഭിക്കും. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ പദ്ധതിയാണിതെന്ന് മന്ത്രി അവകാശപ്പെട്ടു. ക്ഷയരോഗികളുടെ പോഷകാഹാരാത്തിന് 600 കോടി വകയിരുത്തും. മൂന്ന് പാര്‍ലമെന്‍റ് മണ്ഡലങ്ങള്‍ക്ക് ഒരു മെഡിക്കല്‍ കോളജ് ലക്ഷ്യം. ജില്ലാ ആശുപത്രികളെ മെഡിക്കല്‍ കോളജുകളാക്കും.

വിദ്യാഭ്യാസം

വിദ്യാലയങ്ങളിലെ അടിസ്ഥാന സൌകര്യ വികസനത്തിന് ഒരു ലക്ഷം കോടി. വിദ്യാഭ്യാസ നിലവാരം വര്‍ധിപ്പിക്കാന്‍ ജില്ലാതല പദ്ധതി. ഏകലവ്യ സ്കൂളുകള്‍ക്ക് നവോദയ പദവി നല്‍കും. അധ്യാപക പരിശീലനത്തിന് ഏകീകൃത ബിഎഡ്.

24 പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കും

എയര്‍ ഇന്ത്യ ഉള്‍പ്പെടെ 24 പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കും. ഓഹരി വില്‍പ്പനയിലൂടെ 80,000 കോടി രൂപ സമാഹരിക്കും. നിക്ഷേപ സൌഹൃദ പ്രതിരോധ നയം പ്രഖ്യാപിക്കും. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളെ യോജിപ്പിക്കാന്‍ പദ്ധതി. ടെക്സ്റ്റൈല്‍ മേഖലയ്ക്ക് 7148 കോടി രൂപ അനുവദിച്ചു. മുദ്ര പദ്ധതി പ്രകാരമുള്ള വായ്പയ്ക്കായി മൂന്ന് ലക്ഷം കോടി രൂപ. ചെറുകിട - ഇടത്തരം - സൂക്ഷ്മ വ്യവസായങ്ങള്‍ക്കായി മൂവായിരത്തിലേറെ കോടി രൂപ വകയിരുത്തും.

ശമ്പളം വര്‍ധിപ്പിക്കും

രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍ എന്നിവരുടെ ശമ്പളം വര്‍ധിപ്പിക്കും. രാഷ്ട്രപതിയുടേത് അഞ്ച് ലക്ഷം രൂപയായും ഉപരാഷ്ട്രപതിയുടേത് നാലര ലക്ഷമായും ഗവര്‍ണറുടേത് മൂന്നര ലക്ഷമായും ഉയര്‍ത്തി. എംപിമാരുടെ വേതനവും കൂട്ടും. അഞ്ച് വര്‍ഷം കൂടുമ്പോള്‍ വേതനം വര്‍ധിക്കുന്ന വിധത്തില്‍ നിയമം കൊണ്ടുവരും

ആദായ നികുതി പരിധിയിലും നിരക്കിലും മാറ്റമില്ല

കോര്‍പറേറ്റ് കമ്പനികള്‍ക്ക് നികുതി ഇളവ്. 250 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികള്‍ക്ക് 25 ശതമാനമാണ് ഇളവ്. വ്യക്തികളുടെ ആദായ നികുതി പരിധിയിലും നിരക്കിലും മാറ്റമില്ല. അതേസമയം ആദായ നികുതിയിന്മേലുള്ള സെസ്സില്‍ വര്‍ധനയുണ്ട്. വിദ്യാഭ്യാസ, ആരോഗ്യ സെസ്സ് മൂന്നില്‍ നിന്ന് നാല് ശതമാനമാക്കി. 50000 വരെയുള്ള ചികിത്സാ ചെലവിന് നികുതി ഇളവുണ്ട്.

Tags:    

Similar News