വിവാഹ സല്‍ക്കാരത്തിന് ബീഫ് വിളമ്പിയെന്ന് സംശയം; ഝാര്‍ഖണ്ഡില്‍ മധ്യവയസ്‌കന് മര്‍ദ്ദനം
ഝാര്‍ഖണ്ഡിലെ കൊഡെര്‍മ ജില്ലയില്‍ നവാദി ഗ്രാമത്തിലാണ് സംഭവം
മകന്റെ വിവാഹ സല്‍ക്കാരത്തിന് ബീഫ് വിളമ്പി എന്ന സംശയത്തിന്റെ പേരില്‍ മധ്യവയസ്കനെ മര്‍ദ്ദിച്ചു. ഝാര്‍ഖണ്ഡിലെ കൊഡെര്‍മ ജില്ലയില്‍ നവാദി ഗ്രാമത്തിലാണ് സംഭവം. ഇതേതുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷമുണ്ടാവുകയും ഐപിസി 144 പ്രകാരം ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയുമാണ്. നിരവധി വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടാവുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. ന്യൂനപക്ഷ സമുദായത്തില്‍ പെട്ടയാള്‍ക്കാണ് മര്‍ദ്ദനമേറ്റത്.
ഏഴ് പേരെ അറസ്റ്റ് ചെയ്തതായും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായെന്നും കൊഡെര്‍മ സൂപ്രണ്ട് ശിവാനി തിവാരി അറിയിച്ചു. ഇറച്ചി പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാത്രിയായിരുന്നു വിവാഹ സല്‍ക്കാരം. വിവാഹ വീടിന്റെ പിന്‍വശത്തെ വയലില്‍ നിന്ന് എല്ലിന്‍ കഷണങ്ങള്‍ ഗ്രാമവാസികള്‍ കണ്ടതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് വീട്ടുടമയെ ഗ്രാമവാസികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ റാഞ്ചി രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ കാറില്‍ ബീഫ് കടത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഝാര്‍ണ്ഡിലെ രാംഗഡില്‍ 45കാരനായ അലിമുദ്ദീന്‍ അന്‍സാരിയെ ഗോരക്ഷകര്‍ റോഡിലിട്ട് അടിച്ച് കൊലപ്പെടുത്തിയിരുന്നു.