തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കണമെന്ന കോടതി വിധിക്കെതിരെ കര്‍ണാടകയില്‍ പ്രതിഷേധം
തമിഴ്നാട്ടിലേക്കുള്ള ബസ് സര്‍വീസുകള്‍ ഉള്‍പ്പെടെ പ്രതിഷേധക്കാര്‍ തടഞ്ഞു
കാവേരി നദിയില്‍ നിന്ന് തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ കര്‍ണാടകയില്‍ വ്യാപക പ്രതിഷേധം. തമിഴ്നാട്ടിലേക്കുള്ള ബസ് സര്‍വീസുകള്‍ ഉള്‍പ്പെടെ പ്രതിഷേധക്കാര്‍ തടഞ്ഞു. മാണ്ഡ്യയില്‍ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ബന്ദ് ആചരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും അടച്ചിട്ടിരിക്കുകയാണ്.
സെക്കന്റില്‍ 15000 ഘനയടി വെള്ളം തമിഴ് നാടിന് നല്‍കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി കര്‍ണാടകയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് കര്‍ണാടകയിലെ മാണ്ട്യയിലെ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ചുറ്റും വെള്ളമുണ്ടെങ്കിലും തമിഴ്നാട്ടില്‍ കടുത്ത വരള്‍ച്ചയാണ് നേരിടുന്നതെന്ന് കോടതി വിധിയില്‍ചൂണ്ടിക്കാട്ടി. സുപ്രീം കോടതി വിധിയില്‍ ആശങ്കയുണ്ടെങ്കിലും സുപ്രീം കോടതി വിധി അനുസരിക്കേണ്ടിവരുമെന്ന് സര്‍ക്കാര്‍ പറയുന്നു. സംസ്ഥാനത്തിന്റെ ആവശ്യത്തിന് പോലും വെള്ളമില്ലാത്ത സാഹചര്യത്തില്‍ തമിഴ്നാടിന് നല്‍കാനാവില്ലെന്നാണ് കര്‍ണാടകത്തിലെ കര്‍ഷകരുടെ നിലപാട്.
കോടതി വിധിയില്‍ പ്രതിഷേധിച്ച്ബസും ടാക്സി സര്‍വീസും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ തടഞ്ഞിട്ടു. കഴിഞ്ഞ രണ്ട് ദിവസമായി ചെറിയ തോതില്‍ പ്രതിഷേധമുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇടപെടല്‍ നടക്കാത്തതില്‍ പ്രതിഷേധിച്ച് ശക്തമായ സമരവുമായി മുന്നോട്ട് പോവാനാണ് കര്‍ഷകരുടെ തീരുമാനം. കടുത്ത വരള്‍ച്ചയാണ് കര്‍ണാടക നേരിടുന്നത് അതിനിടെയാണ് ഈ വിധി . യഥാര്‍ഥ അവസ്ഥ കോടതി ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. പ്രതിഷേധത്തെ തുടര്‍ന്ന് തമിഴ്നാട്ടിലേക്കും കേരളത്തിലേക്കുള്ള ബസ്സ് സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.