കാവേരി തര്‍ക്കം: ബംഗളൂരുവില്‍ സംഘര്‍ഷം പുകയുന്നു; വാഹനങ്ങള്‍ കത്തിച്ചു, നിരോധനാജ്ഞ
തമിഴ്‍നാടുമായുള്ള കാവേരി നദി ജല തര്‍ക്കവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ വ്യാപക സംഘര്‍ഷം.
തമിഴ്‍നാടുമായുള്ള കാവേരി നദി ജല തര്‍ക്കവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ വ്യാപക സംഘര്‍ഷം. കാവേരി നദിയില്‍നിന്ന് തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കാനുള്ള സുപ്രീംകോടതി വിധിക്കെതിരെ കര്‍ണാടകയില്‍ പുകയുന്ന സംഘര്‍ഷം തെരുവുകളിലേക്ക് വ്യാപിക്കുകയാണ്. ബംഗളൂരു, മൈസൂരു അടക്കമുള്ള നഗരങ്ങളില്‍ പലയിടത്തും പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്ക് തീയിട്ടു. തമിഴ്‍നാടില്‍ നിന്നുള്ള വാഹനങ്ങളും കടകള്‍ക്കുമാണ് പ്രതിഷേധക്കാര്‍ തീയിട്ടത്.
സംഘര്‍ഷം രൂക്ഷമായതോടെ കര്‍ണാടകയില്‍ നിന്നു തമിഴ്‍നാട്ടിലേക്കുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ബംഗളുരുവില്‍ നിന്ന് കേരളത്തിലേക്കുള്ള എല്ലാ ബസ് സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബംഗളൂരു - മൈസൂരു റോഡ് അടച്ചതായും റിപ്പോര്‍ട്ടുണ്ട്. മെട്രോ സര്‍വീസ് നിലച്ചു. ബംഗളൂരുവിലെ സ്‍കൂളുകളും കോളജുകളും താത്കാലികമായി അടച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ ചെന്നൈയില്‍ കര്‍ണാടക കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ ഒരു സംഘം അക്രമികള്‍ അടിച്ചുതകര്‍ത്തായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഹോട്ടലിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ ശേഷമായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നു രാമേശ്വരത്തെത്തിയ അഞ്ച് ടൂറിസ്റ്റ് വാഹനങ്ങളും അക്രമികള്‍ തകര്‍ത്തു.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കര്‍ണാടക മുഖ്യമന്ത്രിയെയും തമിഴ്‍നാട് മുഖ്യമന്ത്രിയെയും ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സംഘര്‍ഷാവസ്ഥ നിയന്ത്രിക്കുന്നതിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ രാജ്നാഥ് സിങ് ഇരു മുഖ്യമന്ത്രിമാര്‍ക്കും നല്‍കിയിട്ടുണ്ട്. ഇതിനിടെ ബംഗളൂരുവിലുള്ള തങ്ങളുടെ പൌരന്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. സംഘര്‍ഷത്തിനിടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകയ്ക്കും കാമറാമാനും മര്‍ദനമേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യടുഡേയുടെ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് മര്‍ദനമേറ്റത്. ഇതിനിടെ ബംഗളൂരുവില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തു. പൊലീസ് ജീപ്പ് കത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു വെടിവെപ്പ്. സംഭവത്തില്‍ രണ്ടു പേര്‍ക്ക് വെടിയേറ്റതായും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 200 ലേറെ പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ഇതിനിടെ തമിഴ്നാടിന് പ്രതിദിനം നല്‍കേണ്ട വെള്ളത്തിന്റെ അളവ് കുറച്ചു കൊണ്ട് സുപ്രിംകോടതി കഴിഞ്ഞദിവസത്തെ വിധി ഭേദഗതി ചെയ്ത് ഉത്തരവിട്ടിട്ടുണ്ട്. 12000 ഘനയടി വെള്ളം വിട്ടു നല്‍കിയാല്‍ മതിയെന്ന് കോടതി വ്യക്തമാക്കി. പ്രതിദിനം 15,000 ഘനയടി വെള്ളം വിട്ടു നല്‍കണമെന്നായിരുന്നു നേരത്തയുള്ള ഉത്തരവ്.
കര്‍ണാടക ഗതാഗത വിഷയം ഗൌരവത്തിലാണ് കാണുന്നതെന്ന് എകെ ശശീന്ദ്രന്‍
കര്‍ണാടക ഗതാഗത വിഷയം ഗൌരവത്തിലാണ് കാണുന്നതെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. വിഷയങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. സമവായത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നും എകെ ശശീന്ദ്രന്‍ മീഡിയവണിനോട് പറഞ്ഞു. മലയാളികളുടെ സുരക്ഷ ഉറപ്പു വരുത്തുമെന്ന് സിദ്ധരാമയ്യ ഉറപ്പു നല്‍കിയതായി മന്ത്രി ശശീന്ദ്രന്‍ അറിയിച്ചു.