വഞ്ചകനെന്ന് വിളിച്ചത് രാംജത് മലാനി; ജൈറ്റ്‍ലിയുടെ 10 കോടിയുടെ മാനനഷ്ട കേസ് കെജ്‍രിവാളിനെതിരെ
വ്യക്തിപരമായ അധിക്ഷേപത്തിന് അരവിന്ദ് കെജ്‌രിവാളിനെതിരെ കേസ് കൊടുക്കുമെന്ന് അരുണ്‍ ജൈറ്റ്‍ലി പറഞ്ഞിരുന്നു
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജൈറ്റ്‍ലി 10 കോടിയുടെ മാന നഷ്ട കേസ് ഫയല്‍ ചെയ്തു. കോടതി നടപടികള്‍ക്കിടെ അരവിന്ദ് കെജ്‌രിവാളിന്റെ അഭിഭാഷകനായ രാംജത് മലാനി ജൈറ്റ്‍ലിയെ വഞ്ചകന്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. ഈ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഡല്‍ഹി കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞയാഴ്‍ച ജോയിന്റ് റജിസ്ട്രാര്‍ ദീപാലി ശര്‍മ്മയ്ക്ക് മുപാകെ ഹാജരായപ്പോഴാണ് കേന്ദ്രമന്ത്രി ഇത് സംബന്ധിച്ച് രാംജത് മലാനിയോട് ചോദിച്ചത്. 'വഞ്ചകന്‍' എന്ന വിശേഷണം അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ട് ഉന്നയിച്ചതാണോയെന്നാണ് അദ്ദേഹം ചോദിച്ചത്. വ്യക്തിപരമായ അധിക്ഷേപത്തിന് അരവിന്ദ് കെജ്‌രിവാളിനെതിരെ കേസ് കൊടുക്കുമെന്ന് അരുണ്‍ ജൈറ്റ്‍ലി അന്ന് പറഞ്ഞിരുന്നു. രാം ജത് മലാനി സ്വന്തം ഇഷ്ടപ്രകാരം ഉപയോഗിച്ച വാക്കാണെങ്കില്‍ അദ്ദേഹത്തിനെതിരെ ബാര്‍ കൗണ്‍സിലിനെ സമീപിക്കുമെന്നും അരവിന്ദ് കെജ്‌രിവാളിന്റെ നിര്‍ദ്ദേശ പ്രകാരം ആണെങ്കില്‍ പത്ത് കോടിയുടെ മാന നഷ്ടക്കേസ് കൊടുക്കുമെന്നും ആണ് അഭിഭാഷകര്‍ വ്യക്തമാക്കിയത്.
1999 മുതല്‍ 2013 വരെ അരുണ്‍ ജയ്റ്റ്‌ലി ഡല്‍ഹി ജില്ല ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റായിരുന്നപ്പോള്‍ അഴിമതി നടത്തിയെന്ന ആരോപണവും ആംആദ്മി പാര്‍ട്ടി അംഗങ്ങള്‍ ഉന്നയിച്ചിരുന്നു.