വിഷപ്പതയില്‍ മുങ്ങി ബെലന്ദൂര്‍ തടാകം

Update: 2018-05-28 06:49 GMT
വിഷപ്പതയില്‍ മുങ്ങി ബെലന്ദൂര്‍ തടാകം
Advertising

ബിജെപിക്കോ, കോണ്‍ഗ്രസിനോ ബെലന്ദൂര്‍ തടാകം തെരഞ്ഞെടുപ്പ് വിഷയമേ അല്ല.

കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ കേവല രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ക്കപ്പുറം പ്രധാനപ്പെട്ട ജനകീയ പ്രശ്നങ്ങള്‍ ചര്‍ച്ചയാകുന്നില്ലെന്നതിന്റെ ഉദാഹരണമാണ് ബംഗളൂര്‍ നഗരത്തിലെ ബെലന്ദൂര്‍ തടാകം. വിഷമാലിന്യങ്ങള്‍ അടിഞ്ഞ് കൂടി ജനജീവിതത്തിന് ഭീഷണിയായി ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായ തടാകം ഇപ്പോഴും പഴേപടിയില്‍ തന്നെയാണ്. പക്ഷേ ബിജെപിക്കോ, കോണ്‍ഗ്രസിനോ ഇതൊരു തെരഞ്ഞെടുപ്പ് വിഷയമേ അല്ല.

ഇത് ബംഗളൂരു നഗരത്തിലെ ഏറ്റവും വലിയ തടകമായ ബെലന്ദൂര്‍. മൂന്നരക്കിലോമീറ്റര്‍ നഗരമധ്യത്തില്‍ ഒഴുകുന്ന ഈ തടാകം മനുഷ്യ ജീവന് തന്നെ ഭീഷണിയാകുന്ന തരത്തില്‍ വിഷമയമാണ്. വിഷ തടാകം പതഞ്ഞ് പൊന്തി റോഡിലേക്കൊഴുകുന്നു. ജലനിരപ്പ് കുറവാണെങ്കിലും ബെലന്ദൂര്‍ തടാകം ഇപ്പോഴും നുരഞ്ഞ് പൊന്തുന്ന വിഷപ്പതയില്‍ തുടരുകയാണ്.

Full View

രാത്രിയായാല്‍ ഭയങ്കര കൊതുകാണ്. മൊത്തം കച്ചറ ഒഴുകി വരികയല്ലേ. നാറ്റമാണെങ്കില്‍ സഹിക്കാന്‍ കഴിയില്ല. ഭക്ഷണം പോലും കഴിക്കാന്‍ കഴിയില്ലെന്ന് പറയുന്നു പ്രദേശവാസി മലേക്.

നഗരത്തിന് ചുറ്റും നില്‍ക്കുന്ന ഫ്ലാറ്റുകളും, വ്യവസായ കേന്ദ്രങ്ങളും തള്ളിയ മാലിന്യമാണ് തടാകത്തിന് ഈ ഗതി വരുത്തിയത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിലധികമായി നഗരത്തിലെ പ്രധാന പരിസ്ഥിതി പ്രശ്നമാണിത്. പ്രദേശവാസികള്‍ നല്‍കിയ പരാതിയില്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ ഇടപെട്ടതോടെ ഒരു വര്‍ഷത്തിനുള്ള തടാകം ശുദ്ധീകരിക്കുമെന്ന് സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസും ബിബിഎംപി ഭരിക്കുന്ന ബിജെപിയും ഉറപ്പ് നല്‍കിയിരുന്നു.

മുഖ്യമന്ത്രി സിദ്ധാരമയ്യ, ആരോഗ്യ മന്ത്രി, കേന്ദ്ര മന്ത്രിമാര്‍ എല്ലാവരും വന്ന് നോക്കിയതാണ്. പക്ഷെ ഒന്നും നടന്നില്ല. ഇന്ന് ശരിയാകും നാളെ ശരിയാകും എന്ന് പറയുന്നതല്ലാതെ ഒരു മാറ്റവുമില്ലെന്ന് മറ്റൊരു നാട്ടുകാരനായ രമേശ് പറയുന്നു.

മഹാദേവപുരം മണ്ഡലത്തിലാണ് ബെലന്ദുര്‍ ഉള്‍പ്പെടുന്നത്. ബിജെപിയുടേതാണ് സിറ്റിംഗ് എംഎല്‍എ. കോണ്‍ഗ്രസിനും ബിജെപിക്കും വിജയ സാധ്യതയുള്ള മണ്ഡലം. പക്ഷെ, ബെലന്ദൂര്‍ തടാകം പ്രചാരണ വിഷയമാക്കാനുള്ള താല്‍പര്യം ഇരുകൂട്ടര്‍ക്കുമില്ല.

Tags:    

Similar News