റാം റഹീമിന് ശിക്ഷ വിധിച്ചതിന് പിന്നാലെ അക്രമം
നിരവധി വാഹനങ്ങള്‍ക്ക് അക്രമികള്‍ തീയിട്ടു. സംഘര്‍ഷത്തെ തുടര്‍ന്ന് സൈന്യം വിവിധ പ്രദേശങ്ങളില്‍ ഫ്ലാഗ് മാര്‍ച്ച് നടത്തി
ബലാത്സംഗകേസില്‍ ഗുര്‍മീത് റാം റഹീം സിങിന് ശിക്ഷ വിധിച്ചതിന് തൊട്ടുപിന്നാലെ ദേര സച്ചയുടെ ആശ്രമം സ്ഥിതിചെയ്യുന്ന സിര്‍സയിലടക്കം അനുയായികള്‍ അക്രമം അഴിച്ചുവിട്ടു. നിരവധി വാഹനങ്ങള്‍ക്ക് അക്രമികള്‍ തീയിട്ടു. സംഘര്‍ഷത്തെ തുടര്‍ന്ന് സൈന്യം വിവിധ പ്രദേശങ്ങളില്‍ ഫ്ലാഗ് മാര്‍ച്ച് നടത്തി. പഞ്ചാബ്, ഹരിയാന സര്‍ക്കാരുകള്‍ അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
ശിക്ഷാവിധി പുറത്തുവരുമ്പോള്‍ അക്രമസംഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഹരിയാനയിലും പഞ്ചാബിലും ഒരുക്കിയിരുന്നത്. എന്നാല്‍ കോടതി നടപടി പുരോഗമിക്കുമ്പോള്‍ തന്നെ റാം റഹീമിന്‍റെ ആശ്രമം സ്ഥിതിചെയ്യുന്ന സിര്‍സയില്‍ അനുയായികള്‍ ആക്രമണം ആരംഭിച്ചു. സിര്‍സയില്‍ രണ്ട് വാഹനങ്ങള്‍ ദേര സച്ചാ പ്രവര്‍ത്തകര്‍ അഗ്നിക്കിരയാക്കി. വിധി വന്നശേഷം ഫുല്‍ക്കയില്‍ രണ്ട് ബസ്സുകള്‍ കൂടി പ്രവര്‍ത്തകര്‍ തീയിട്ടുനശിപ്പിച്ചു.
അക്രമം ആരംഭിച്ചതോടെ ദേര ഹെഡ് ക്വാര്‍ട്ടേഴ്സിലെ ഫോണ്‍ ബന്ധം അധികൃതര്‍ വിച്ഛേദിച്ചു. അക്രമങ്ങളെ തുടര്‍ന്ന് സിര്‍സയിലും യമുന നഗറിലും സൈന്യം ഫ്ലാഗ് മാര്‍ച്ച് നടത്തി. അക്രമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അനുയായികളോട് ദേര സച്ചാ സൌദ ചെയര്‍പേഴ്സണ്‍ അഭ്യര്‍ത്ഥിച്ചു. വിധി അംഗീകരിക്കണമെന്നും ആക്രമണങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നും ഉന്നതതലയോഗത്തിന് ശേഷം പഞ്ചാബ് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ദേര സച്ചാ പ്രവര്‍ത്തകര്‍ക്ക് ആധിപത്യമുള്ള മേഖലകളിലെല്ലാം തന്നെ പഞ്ചാബ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മോഗ, മാനസ, ബര്‍ണാല തുടങ്ങിയിടങ്ങളിലെല്ലാം പൊലീസും ദ്രുതകര്‍മ്മസേനയും ഫ്ലാഗ് മാര്‍ച്ച് നടത്തി. ഹരിയാന സര്‍ക്കാരും ഉന്നതതലയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. അക്രമസാധ്യതകണക്കിലെടുത്ത് ഡല്‍ഹിയിലും അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.