ജയലളിത അന്തരിച്ചു
ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചു.
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത അന്തരിച്ചു. അപ്പോളോ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി 11.30നായിരുന്നു അന്ത്യം. 68 വയസായിരുന്നു. ജയലളിതയുടെ ഭൗതിക ശരീരം ആദ്യം പോയസ് ഗാര്‍ഡനിലെ വസതിയിലെത്തിച്ചു. ശേഷം രാജാജി ഹാളില്‍ പൊതുദര്‍ശനം ആരംഭിച്ചു. തമിഴ്നാടിന്‍റെ പുരൈട്ചി തലൈവിയെ കാണാന്‍ ജനങ്ങള്‍ ഒഴുകുകയാണ്. സംസ്കാരം ഇന്ന് വൈകീട്ട് ചെന്നൈ മറീന ബീച്ചില്‍ എംജിആര്‍ സ്മാരകത്തോട് ചേര്‍ന്ന് നടക്കും. തമിഴ്നാട്ടില്‍ ഒരാഴ്ച ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. തമിഴ്‍നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മൂന്നു ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു.
തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും നടനുമായ എംജിആറിന്റെ ഇദയക്കനി എന്നാണ് ജയലളിത അറിയപ്പെട്ടിരുന്നത്. എംജിആറിന്റെ ഹൃദയത്തില്‍ ഇടംപിടിച്ചതോടെയാണ് രാഷ്ട്രീയത്തിലേക്കും ജയലളിത കടന്നു വരുന്നത്. ഇന്ദിരാഗാന്ധിക്ക് ശേഷം ഇന്ത്യ കണ്ട ഏറ്റവും കരുത്തയായ വനിതാ രാഷ്ട്രീയനേതാവായിരുന്നു ജയലളിത.
1948 ഫെബ്രുവരി 24 ന് അഭിഭാഷകനായ ജയറാമിന്റേയും വേദവല്ലിയുടെയും മകളായി മൈസൂരിലായിരുന്നു ജനനം. ജയലളിതയ്ക്ക് രണ്ട് വയസായപ്പോഴേയ്ക്കും പിതാവ് മരിച്ചു. ഇതിന് ശേഷം ജയലളിതയുടെ അമ്മ സന്ധ്യ എന്ന പേരിൽ സിനിമയിൽ അഭിനയിച്ചു തുടങ്ങി. 15 വയസുള്ളപ്പോൾ ജയലളിതയും സിനിമയിൽ പ്രവേശിച്ചു. ഇവിടെ നിന്നാണ് എംജിആറിനെ പരിചയപ്പെടുന്നത്. ഈ ബന്ധം വളര്‍ന്ന് ജയയെ അത് രാഷ്ടീയത്തിലെത്തിച്ചു. 1982 ലാണ് എംജിആര്‍ ജയലളിതയെ എഐഎഡിഎംകെയില്‍ അംഗമാക്കുന്നത്. പാര്‍ട്ടിയുടെ പ്രചാരണവിഭാഗം മേധാവിയായിരുന്ന ജയലളിതയുടെ രാഷ്ട്രീയ ഗ്രാഫ് പിന്നെ ഉയരുകയായിരുന്നു.
എംജിആറിന്റെ മരണമായിരുന്നു ജയലളിതയുടെ രാഷ്ട്രീയ ചരിത്രത്തിലെ വഴിത്തിരിവ്. പാര്‍ട്ടിയില്‍ ജയലളിതക്കെതിരെ എംജിആറിന്റെ പത്നി ജാനകി രാമചന്ദ്രനെ അനുകൂലിക്കുന്നവരുടെ വിഭാഗം രൂപം കൊണ്ടു. എംജിആറിന്റെ വിലാപയാത്രയില്‍ നിന്ന് ജയലളിതയെ ഇവര്‍ തള്ളിപ്പുറത്താക്കി. എന്നാല്‍ എംജിആറിന്റെ മരണത്തോടെ പിളര്‍ന്ന പാര്‍ട്ടിയെ ഒരുമിപ്പിക്കാനും, പാര്‍ട്ടിയിലെ ചോദ്യം ചെയ്യാത്ത ശക്തിയായി വളരാനും ജയലളിതക്കായി. 1989ല്‍ ബോഡിനായ്ക്കനൂരില്‍ നിന്നും ജയിച്ച് തമിഴ്നാട്ടിലെ ആദ്യവനിതാ പ്രതിപക്ഷ നേതാവായി. കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് മത്സരിച്ച 1991ല്‍ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച് ജയലളിത മുഖ്യമന്ത്രി പദത്തിലെത്തി.
പിന്നീട് തമിഴ്നാട് കണ്ടത്, എംജിആറിന്റെ ആദ്യകാല തോഴനായിരുന്ന കരുണാനിധിയുമായുള്ള രാഷ്ട്രീയ പോരാട്ടമാണ്. ഇരുവരും തമിഴ്നാട് മാറിമാറി ഭരിച്ചു. ആശ്രിതവല്‍സലയും പ്രതികാരദാഹിയുമായ രാഷ്ട്രീയനേതാവെന്ന് അവര്‍ പിന്നീടറിയപ്പെട്ടു. അഴിമതിക്കേസില്‍ തന്നെ വേട്ടയാടി ജയിലിലടച്ച കരുണാനിധിയെ രാത്രി മാധ്യമങ്ങളുടെ മുന്നില്‍ അറസ്റ്റ് ചെയ്ത് പൊലീസ് വലിച്ചിഴച്ചു കൊണ്ടുപോകുന്ന കാഴ്ച ലോകം കണ്ടു. രാഷ്ട്രീയ ജീവിതത്തിലെ മൂന്നാം ഘട്ടം അഴിമതിയുടെ കറകളെ മാച്ചു കളയുന്ന ജനപ്രിയ നേതാവായി സ്വയം അടയാളപ്പെടുത്തി. തമിഴ്നാട് സര്‍വം അമ്മമയമായി മാറി. പുരൈട്ചി തലൈവി എന്ന് എംജിആര്‍ വിളിച്ച ജയലളിത പിന്നീട് തമിഴ്മക്കളുടെ അമ്മയയായി മാറി. ജനങ്ങളോട് അടുത്തിടപഴകിയില്ലെങ്കിലും ജനമനസുകളില്‍ ഒരു വിഗ്രഹമായി മാറിയ രാഷ്ട്രീയ ജീവിതത്തിനാണ് ജയലളിതയുടെ അന്ത്യത്തോടെ തിരശീല വീഴുന്നത്.
ജയലളിതയുടെ പിന്‍ഗാമിയായി ഒ പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയായത് എംഎല്‍എമാരുടെ പിന്തുണ എഴുതി വാങ്ങിയ ശേഷമാണ്. മുഖ്യമന്ത്രി പദവിയില്‍ പനീര്‍ശെല്‍വം എത്തുന്നത് മൂന്നാം തവണയാണ്. മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന് കീഴില്‍ 31 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
തമിഴ്‍നാട്ടില്‍ വന്‍ ജാഗ്രത
ജയലളിതയുടെ മരണത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ വന്‍ ജാഗ്രതയാണ് പാലിക്കുന്നത്. എല്ലാവിധ സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അപ്പോളോ ആശുപത്രിയിലേക്ക് ജനപ്രവാഹം തുടരുകയാണ്. ആശുപത്രി പൊലീസ് വലയത്തിലാണ്. പൊലീസിന്നിയന്ത്രിക്കാനാവാത്ത സാഹചര്യമുണ്ടായാല്‍ സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കും. നേരത്തെ മുഴുവന്‍ പൊലീസുകാരും സ്റ്റേഷനില്‍ ഹാജരാകണമെന്ന് ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു. ദ്രുത കര്‍മസേനയും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള അര്‍ധസൈനിക വിഭാഗങ്ങളും പ്രത്യേക നിര്‍ദേശപ്രകാരം ചെന്നൈയില്‍ എത്തിയിട്ടുണ്ട്. കേരളത്തിലും കര്‍ണാടകയിലും ജാഗ്രതാനിര്‍ദേശം നല്‍കി. കേരളത്തില്‍ നിന്നും തമിഴ്നാട്ടിലേക്ക് പോയ മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളും തിരിച്ചു വിളിച്ചു.