നീതി ലഭിച്ചു, അന്നും ഇന്നും അയാളെ പേടിയില്ല: റാം റഹീമിനെതിരെ മൊഴി നല്‍കിയ യുവതി
യുവതിയുടെ സഹോദരനെ റാം റഹീം കൊന്നുവെന്ന ഗുരുതര ആരോപണവും ബന്ധുക്കള്‍ ഉന്നയിക്കുന്നുണ്ട്.
തനിക്ക് നീതി ലഭിച്ചെന്ന് ഗുര്‍മീത് റാം റഹീമിനെതിരെ മൊഴി നല്‍കിയ യുവതി. "2009ല്‍ ഞാന്‍ കോടതിയില്‍ മൊഴി നല്‍കുമ്പോള്‍ അയാളവിടെയുണ്ടായിരുന്നു. അന്നും ഇന്നും എനിക്ക് അയാളെ ഭയമില്ല"- യുവതി പറഞ്ഞു.
ഇന്ന് 40 വയസ്സുള്ള യുവതിയെ കോളജില്‍ പഠിക്കുമ്പോഴാണ് റാം റഹീം പീഡിപ്പിച്ചത്. സിര്‍സ ഹെഡ്ക്വാട്ടേഴ്‌സിനുള്ളിലെ കോളജിലായിരുന്നു പഠനം. അജ്ഞാത കത്തിന്‍റെ അടിസ്ഥാനത്തില്‍ റാം റഹീമിനെതിരെ സിബിഐ അന്വേഷണം തുടങ്ങിയപ്പോള്‍ അയാള്‍ക്കെതിരെ പരാതിയുള്ള 18 സ്ത്രീകളെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പക്ഷേ രണ്ട് പേര്‍ മാത്രമാണ് കോടതിയില്‍ മൊഴി നല്‍കാന്‍ തയ്യാറായത്. അവരില്‍ ഒരാളാണ് ഈ യുവതി. 2002 മുതല്‍ പൊലീസ് സംരക്ഷണത്തിലാണ് യുവതി കഴിയുന്നത്.
യുവതിയുടെ സഹോദരനെ റാം റഹീം കൊന്നുവെന്ന ഗുരുതര ആരോപണവും ബന്ധുക്കള്‍ ഉന്നയിക്കുന്നുണ്ട്. ലൈംഗിക പീഡനം സംബന്ധിച്ച് തനിക്കെതിരെ പൊലീസിന് ഊമക്കത്ത് അയച്ചത് യുവതിയുടെ സഹോദരനാണെന്നാണ് റാം റഹീം കരുതിയിരുന്നത്. തുടര്‍ന്ന് 2002ല്‍ റാം റഹീം സഹോദരനെ കൊന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഈ പരാതിയില്‍ സിബിഐ അന്വേഷണം നടത്തിവരികയാണ്.
കേസുമായി മുന്നോട്ട് പോവാതിരിക്കാന്‍ റാം റഹീമിന്‍റെ ആളുകള്‍ ഭീഷണിപ്പെടുത്തുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭീഷണിപ്പെടുത്തിയതുകൊണ്ട് കാര്യമില്ലെന്ന് അവര്‍ക്ക് വ്യക്തമായതോടെ ചോദിക്കുന്ന പണം തരാമെന്നായി വാഗ്ദാനമെന്നും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ മൊഴിയില്‍ ഉറച്ചുനില്‍ക്കാനായിരുന്നു യുവതിയുടെ തീരുമാനം.