രാജ്യത്തെ നൂറ് പാലങ്ങൾ ഏത് നിമിഷവും തകര്‍ന്നേക്കാമെന്ന് കേന്ദ്ര ഗതാഗത മന്ത്രി
"രാജ്യത്തെ നൂറോളം പാലങ്ങൾ ഏതു സമയത്തും തകർന്നേക്കാവുന്ന അവസ്ഥയിലാണ്. അവയ്ക്ക് അടിയന്തര ശ്രദ്ധ ആവശ്യമാണ്..
രാജ്യത്തെ വിവിധ ഭാഗങ്ങളിലെ നൂറ് പാലങ്ങൾ ഏത് നിമിഷവും തകര്‍ന്നേക്കാമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇവയുടെ കാര്യത്തില്‍ അടിയന്തര ശ്രദ്ധ ആവശ്യമാണെന്നും അദ്ദേഹം പാര്‍ലമെന്റില്‍ അറിയിച്ചു. അതേസമയം രാജ്യത്തെ 1.6ലക്ഷം പാലങ്ങളുടെ സുരക്ഷാ ഓഡിറ്റ് ഗതാഗത വകുപ്പ് പൂർത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു.
നൂറോളം പാലങ്ങള്‍ ഭാഗികമായി നശിച്ച നിലയിലാണ്. "രാജ്യത്തെ നൂറോളം പാലങ്ങൾ ഏതു സമയത്തും തകർന്നേക്കാവുന്ന അവസ്ഥയിലാണ്. അവയ്ക്ക് അടിയന്തര ശ്രദ്ധ ആവശ്യമാണ്." ചോദ്യോത്തര വേളയിൽ അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം മഹാരാഷ്ട്രയിൽ കൊങ്കൺ മേഖലയില്‍ സാവിത്രി നദിയിക്ക് കുറുകെയുണ്ടായിരുന്ന പാലം തകർന്നു വീണ സംഭവം അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രിട്ടീഷ് കാലഘട്ടത്തില്‍ പണി കഴിപ്പിച്ച പാലമായിരുന്നു ഇത്. പാലം തകര്‍ന്നതിനെ തുടര്‍ന്ന് രണ്ട് അന്തര്‍ സംസ്ഥാന സർവീസ് ബസുകളും നിരവധി സ്വകാര്യ വാഹനങ്ങളും ഇവിടെ അപകടത്തില്‍ പെട്ടിരുന്നു.
അപകടങ്ങൾ ഒഴിവാക്കുന്നതിനായുള്ള നടപടികളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം രാജ്യത്തെ എല്ലാ പാലങ്ങളുടെയും ചെറു ഓവുപാലങ്ങളുടെയും വിവരങ്ങൾ ശേഖരിക്കുന്നതിനായി മന്ത്രാലയം പ്രത്യേക പദ്ധതി നടപ്പാക്കിയിരുന്നു. ഭൂമി ഏറ്റെടുക്കൽ, ഇടപാടുകൾ, പരിസ്ഥിതി അനുമതി എന്നിവയുമായി ബന്ധപ്പെട്ട് കാലതാമസമുണ്ടാകുന്നതിനാലാണ് വിവിധ റോഡ് നിര്‍മ്മാണ പദ്ധതികള്‍ വൈകുന്നതെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ കാലങ്ങളിൽ വിവിധ കാരണങ്ങളാല്‍ 3.85ലക്ഷം കോടിയുടെ റോഡ് നിര്‍മ്മാണ പദ്ധതികള്‍ക്കാണ് കാലതാമസമുണ്ടായത്. ഈ പ്രശ്നങ്ങൾ പരിഹരിച്ച് അവയുടെ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.