മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യ പ്രതി സാധ്വി പ്രഗ്യാസിംഗ് ഥാക്കൂറിന് ജാമ്യം
കേസിലെ മറ്റൊരു പ്രതിയായ കേണല്‍ പുരോഹിതിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രഗ്യാസിംഗ് ഥാക്കൂറിന് നല്‍കിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിക്കുമെന്ന്
മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യ പ്രതി സാധ്വി പ്രഗ്യാസിംഗ് ഥാക്കൂറിന് ജാമ്യം. മുംബൈ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അതേസമയം കേസിലെ മറ്റൊരു പ്രതിയായ കേണല്‍ പുരോഹിതിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രഗ്യാസിംഗ് ഥാക്കൂറിന് നല്‍കിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിക്കുമെന്ന് സ്ഫോടനത്തിലെ ഇരകളുടെ ബന്ധുക്കള്‍ അറിയിച്ചു.
ഏഴ് പേരുടെ മരണത്തിന് കാരണമായ 2008ലെ മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയാണ് അഭിനവ് ഭാരതിന്‍റെ സ്ഥാപകയായ സ്വദ്വി പ്രഗ്യാസിംഗ് ഥാക്കൂറും, മുന്‍ ആര്‍മി ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥനായ കേണല്‍ പുരോഹിതും. ഇരുവരുടെയും ജാമ്യപേക്ഷ പ്രത്യേക എന്‍ഐഎ കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. പ്രഗ്യാസിംഗ് ഥാക്കൂറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചപ്പോള്‍, കേണല്‍ പുരോഹിതിന്‍റെ അപേക്ഷ തള്ളി. അഞ്ച് ലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലും, ഇതേ തുകയന്മേലുള്ള രണ്ട് ആള്‍ ജാമ്യത്തിലുമാണ് പ്രഗ്യാസിംഗ് പുറത്തിറങ്ങുക.
പാസ്പോര്‍ട്ട് എന്‍ഐഎക്ക് കൈമാറണമെന്നും, കേസിലെ ഓരോ ഹിയറിംഗിലും വിചാരണക്കോടതിയില്‍ ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കേസില്‍ മഹാരാഷ്ട്ര എടിഎസ് ചുമത്തിയ മക്കോക്ക നേരത്തെ എന്‍ഐഎ എടത്ത് കളഞ്ഞിരുന്നു. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് പ്രഗ്യാസിംഗിന്‍റെ അഭിഭാഷകന്‍ ജാമ്യത്തിനായി ഹൈക്കോടതിയില്‍ വാദിച്ചത്. മക്കോക്ക ഇല്ലെങ്കിലും, ഗൂഢാലോചനക്കുറ്റവും, യുഎപിഎ പ്രകാരമുള്ള കുറ്റങ്ങളും ചുമത്തപ്പെട്ടതാണ് കേണല്‍പുരോഹിതിന് തിരിച്ചടിയായത്. പ്രഗ്യാസിംഗിന് ജാമ്യം അനുവദിച്ച ഹൈക്കടോതി വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് ഇരകളുടെ കുടുംബം അറിയിച്ചു. ജാമ്യാപേക്ഷയെ എതിര്‍ത്ത് ഹൈക്കോടതിയിലും ഇരകളുടെ കുടുംബം ഹരജി നല്‍കിയിരുന്നു.