2,000 രൂപയുടെ ഫോട്ടോകോപ്പിയുമായി കടക്കാരനെ കബളിപ്പിച്ച് വിദ്യാര്‍ഥികള്‍

Update: 2018-06-03 12:00 GMT
Editor : Damodaran
Advertising

നോട്ട് ഒറിജനലല്ലെന്നും കേവലമൊരു കളര്‍ ഫോട്ടോ കോപ്പി മാത്രമാണെന്നും ബാങ്ക് അധികൃതരാണ് സാക്ഷ്യപ്പെടുത്തിയത്. തട്ടിപ്പിനിരയായത് സംബന്ധിച്ച് പൊലീസില്‍ പരാതി

പുതിയ 2000 രൂപ നോട്ട് രാജ്യത്തെ ജനങ്ങള്‍ കണ്ടുവരുന്നതേയുള്ളൂ. എന്നാല്‍ നോട്ടിന്‍റെ ഫോട്ടോകോപ്പിയെടുത്തുള്ള തട്ടിപ്പുകള്‍ ഇതിനോടകം തന്നെ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. മധ്യപ്രദേശില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും പുതിയ സംഭവത്തിലെ വില്ലന്‍മാര്‍ നാല് സ്കൂള്‍ കുട്ടികളാണ്. ഷാജാപൂരിലെ ഒരു വ്യാപാരിയാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. കടയിലെത്തി 200 രൂപക്ക് സാധനങ്ങള്‍ വാങ്ങിയ കുട്ടികള്‍ 2000 രൂപ നല്‍കിയപ്പോള്‍ ചില്ലറ ക്ഷാമം ചൂണ്ടികാണിച്ച വ്യാപാരി പക്ഷേ താന്‍ ചതിക്കപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. നാട്ടിലെങ്ങും ചില്ലറ ലഭിക്കാനില്ലെന്ന കാര്യം തന്നെ വിദ്യാര്‍ഥി സംഘവും ചൂണ്ടിക്കാട്ടിയപ്പോള്‍ ബാക്കി തുകയായ 1800 രൂപ നല്‍കുന്നതിലും വ്യാപാരി രണ്ടാമതൊന്ന് ആലോചിച്ചില്ല.

എന്നാല്‍ ഉച്ചയോടെയാണ് വ്യാപാരിക്ക് ചെറിയ തോതിലൊരു സംശയം ഉടലെടുത്തത്. മകനുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത് ബാങ്കിലെത്തി സംശയ നിവാരണം നടത്താമെന്ന തീരുമാനത്തിലെത്തി. നോട്ട് ഒറിജനലല്ലെന്നും കേവലമൊരു കളര്‍ ഫോട്ടോ കോപ്പി മാത്രമാണെന്നും ബാങ്ക് അധികൃതരാണ് സാക്ഷ്യപ്പെടുത്തിയത്. തട്ടിപ്പിനിരയായത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇത് വലിയ പ്രയോജനമുണ്ടാക്കില്ലെന്നാണ് വിലയിരുത്തല്‍.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News