ആധാര്‍ മൊബൈലുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കില്ലെന്ന് ടെലികോം വകുപ്പ്
മൊബൈല്‍ കണക്ഷന്‍ എല്ലാവര്‍ക്കും എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം, അല്ലാതെ വിച്ഛേദിക്കുകയല്ല
ആധാര്‍ കാര്‍ഡ് മൊബൈല്‍ ഫോണ്‍ നമ്പറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കില്ലെന്ന് ടെലികോം വകുപ്പ്. മൊബൈല്‍ ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയില്‍ വിധി കാത്തിരിക്കുകാണെന്ന് ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ കണക്ഷന്‍ റദ്ദാക്കാന്‍ യാതൊരുവിധ പദ്ധതിയുമില്ലെന്നും അവര്‍ വ്യക്തമാക്കി.
വിദേശത്ത് താമസിക്കുന്നവര്‍ക്ക് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള എല്ലാവിധ സഹായ സഹകരണങ്ങളും ടെലികോം വിഭാഗത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും അവര്‍ കുട്ടിച്ചേര്‍ത്തു. മൊബൈല്‍ കണക്ഷന്‍ എല്ലാവര്‍ക്കും എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം, അല്ലാതെ വിച്ഛേദിക്കുകയല്ല. ഇത്തരം സംവിധാനത്തിന്റെ ദുരുപയോഗം ചെറുക്കാന്‍ വേണ്ടിയാണ് പുതിയ പരിഷ്‌കാരങ്ങള്‍ ആവിഷ്‌കരിക്കുന്നതെന്നും കേന്ദ്ര ടെലികോം മന്ത്രി മനോജ് സിന്‍ഹ പറഞ്ഞു.
ആധാറുമായി മൊബൈല്‍ ബന്ധിപ്പിക്കുകയാണെങ്കില്‍ ടെലികോം വിഭാഗത്തിന് ഉപഭോക്താക്കള്‍ നല്‍കിയ വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കാന്‍ അനായാസം കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.