യെച്ചൂരിക്കായി കോണ്‍ഗ്രസ് രാജ്യസഭ സീറ്റ് വിട്ടു നല്‍കുന്നു
ആഗസ്ത് 18നാണ് സീതാറാം യെച്ചൂരിയുടെ എംപി സ്ഥാനത്തിന്റെ കാലാവധി അവസാനിക്കുന്നത്. പശ്ചിമബംഗാളില്‍ 44 എംഎല്‍എമാരുള്ള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നേടാനാകും...
സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിക്ക് പശ്ചിമ ബംഗാളില്‍ നിന്നുള്ള രാജ്യസഭ സീറ്റ് കോണ്‍ഗ്രസ് വിട്ട് നല്‍കുമെന്ന് റിപ്പോര്‍ട്ട്. തീരുമാനം ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സിതാറാം യെച്ചൂരിയെ അറിയിച്ചു. അതേസമയം, യെച്ചൂരിക്ക് മാത്രമാണ് പിന്തുണയെന്നും, മറ്റൊരു സിപിഎം നോമിനിക്കും വോട്ട് ചെയ്യില്ലെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.
ആഗസ്ത് 18നാണ് സീതാറാം യെച്ചൂരിയുടെ എംപി സ്ഥാനത്തിന്റെ കാലാവധി അവസാനിക്കുന്നത്. പശ്ചിമബംഗാളില്‍ 44 എംഎല്‍എമാരുള്ള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നേടാനാകും. സിപിഎമ്മിന് ബംഗാളില്‍ നിലവില്‍ 26 എംഎല്‍എമാര്‍ മാത്രമാണുള്ളത്. ഇതാണ് സിപിഎമ്മിന്‍റെ രാജ്യസഭാ സീറ്റിലേക്കുള്ള വിജയസാധ്യതകളെ ഇല്ലാതാക്കുന്നത്. രാഹുല്‍ഗാന്ധിയുടെ പ്രത്യേക താല്‍പര്യത്തിലാണ് ഇങ്ങനെയൊരു നീക്കം കോണ്‍ഗ്രസ് നടത്തുന്നത്.
അതേസമയം സിപിഎമ്മിന്റെ പ്രഖ്യാപിത നയങ്ങള്‍ സീതാറാം യെച്ചൂരിയെ വീണ്ടും രാജ്യസഭാ എംപിയാക്കുന്നതിനെതിരാണ്. രണ്ട് തവണയില്‍ കൂടുതല്‍ രാജ്യസഭ എംപി സ്ഥാനം വഹിക്കരുതെന്ന് സിപിഎം വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിക്കുന്നവര്‍ എംപിയാകരുതെന്നും സിപിഎമ്മിന്റെ ഭരണഘടന വ്യക്തമാക്കുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പ് ജനറല്‍ സെക്രട്ടറിയാകുമ്പോള്‍ എംപിയായിരുന്നത് കൊണ്ടാണ് അദ്ദേഹത്തിന് ആ സ്ഥാനത്ത് തുടരാനായത്.
കോണ്‍ഗ്രസിന്റെ പശ്ചിമബംഗാള്‍ ഘടകത്തിന്റെ പിന്തുണയും ഈ നീക്കത്തിനുണ്ട്. പാര്‍ലമെന്റിലെ മതേതര ചേരിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് യെച്ചൂരിയെ പോലെ അനുഭവസമ്പത്തുള്ള നേതാവിന്റെ സാന്നിധ്യമെന്നതാണ് അദ്ദേഹത്തെ പിന്തുണയ്ക്കാനുള്ള കാരണമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. യെച്ചൂരിയെ പാര്‍ലമെന്റിലെത്തിക്കാന്‍ കോണ്‍ഗ്രസ് കൂടി ശ്രമിക്കണമെന്ന് നേരത്തെ തന്നെ പ്രതിപക്ഷ കക്ഷികളില്‍ നിന്നും അനൗദ്യോഗികമായി ആവശ്യം ഉയര്‍ന്നിരുന്നു. എന്‍സിപി നേതാവ് ശരത്പവാര്‍ തന്നെ ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്തോട് പരസ്യമായി ആവശ്യപ്പെട്ടിരുന്നു.