എന്തുകൊണ്ട് പെട്രോളും ഡീസലും ജിഎസ്‍ടിയിലില്ല ?; ഉള്‍പ്പെടുത്തിയാല്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ഗുണം

Update: 2018-06-04 18:05 GMT
എന്തുകൊണ്ട് പെട്രോളും ഡീസലും ജിഎസ്‍ടിയിലില്ല ?; ഉള്‍പ്പെടുത്തിയാല്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ഗുണം
Advertising

അടുത്ത മാസം മുതല്‍ ചരക്ക് സേവന നികുതി (ജിഎസ്‍ടി) പ്രബല്യത്തില്‍ വരും.

അടുത്ത മാസം മുതല്‍ ചരക്ക് സേവന നികുതി (ജിഎസ്‍ടി) പ്രബല്യത്തില്‍ വരും. നിരവധി ഉത്പന്നങ്ങളും വസ്തുക്കളും ജിഎസ്‍ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞു. ഇതിന്റെ അനന്തരഫലമെന്നോണം ഏതാനും വാഹനങ്ങളുടെ വില ഇതിനോടകം കുറയുകയും ചെയ്തു. എന്നാല്‍ ജനങ്ങള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ഉത്പന്നങ്ങളിലൊന്നായ പെട്രോള്‍, ഡീസലിനെ മാത്രം ജിഎസ്‍ടി പരിധിയില്‍ നിന്ന് ഒഴിവാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്.

പെട്രോളും ഡീസലും ജിഎസ്‍ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ജനങ്ങള്‍ക്കുണ്ടാകുമായിരുന്ന ഗുണം ചെറുതല്ല. അതിന് കാരണമിതാണ്: പെട്രോളിനും ഡീസലിനും കേന്ദ്ര എക്സ്‍സൈസ് നികതി 23 ശതമാനമാണ്. സംസ്ഥാന സര്‍ക്കാരുകളുടെ വാറ്റ് ഇനത്തില്‍ ചുമത്തിയിരിക്കുന്നത് 34 ശതമാനവും. മൊത്തം 57 ശതമാനം നികുതി ഉള്‍പ്പെടുന്നതാണ് പെട്രോള്‍, ഡീസല്‍ വില. അതായത് ഇന്ധനവിലയുടെ പകുതിയിലേറെയും നികുതിയാണെന്ന് അര്‍ത്ഥം. ഇവ രണ്ടും ജിഎസ്‍ടി പരിധിയില്‍ കൊണ്ടുവന്നാല്‍ ചുമത്താവുന്ന നികുതി 28 ശതമാനമാകും. ജിഎസ്‍ടിയില്‍ പരമാവധി ചുമത്താവുന്ന നികുതി 28 ശതമാനം ആണെന്നതാണ് ഇതിനു കാരണം. ജിഎസ്‍ടി പരിധിയില്‍ ഇന്ധനം കൊണ്ടുവന്നാല്‍ നിലവിലെ 57 ശതമാനം നികുതി എന്ന ഭാരം 28 ശതമാനമായി കുറയും. അങ്ങനെയെങ്കില്‍ നിലവിലെ വിലയുടെ 25 ശതമാനം കുറവാകും ഇന്ധന നിരക്കിലുണ്ടാകുക. അതായത്, നിലവിലെ പെട്രോള്‍ വില അനുസരിച്ച് 16 രൂപയിലേറെ കുറവുണ്ടാകും. ഇതിന്റെ ഗുണം ജനങ്ങളിലേക്ക് നേരിട്ടെത്തുകയും ചെയ്യും.

എന്നാല്‍ ഈ മാറ്റം സര്‍ക്കാരിന്റെ വരുമാനത്തില്‍ വന്‍ ഇടിവുണ്ടാക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വരുമാനം കുറയുകയും ചെലവില്‍ കാര്യമായ മാറ്റമുണ്ടാകാതിരിക്കുകയും ചെയ്താല്‍ അത് അധിക ബാധ്യത ക്ഷണിച്ചു വരുത്തുമെന്ന് വിദഗ്ധര്‍ പറയുന്നു. അതുകൊണ്ട് തന്നെയാകും കേന്ദ്ര സര്‍ക്കാര്‍ ജിഎസ്‍ടി കൊണ്ടുവന്നപ്പോള്‍ ഇങ്ങനെയൊരു സാഹസത്തിന് മുതിരാത്തത്. ഇതേസമയം, അന്താരാഷ്ട്ര എണ്ണ വിലക്ക് അനുസരിച്ച് ഇപ്പോള്‍ ദിവസും ഇന്ധനവിലയില്‍ മാറ്റം വരുത്തുന്നുണ്ടെങ്കിലും അത് ജനങ്ങള്‍ക്ക് കാര്യമായ ഗുണമുണ്ടാക്കിയിട്ടില്ല. ലോകത്ത് ഒരു ഭരണകൂടവും ഇന്ധനത്തിന് മേല്‍ ഇത്രത്തോളം നികുതി ചുമത്തുന്നില്ല. അതുകൊണ്ട് തന്നെ ഇന്ധനത്തെയും ജിഎസ്‍ടി പരിധിക്കുള്ളില്‍ കൊണ്ടുവരണമെന്നാണ് മറുപക്ഷത്തിന്റെ വാദം.

Similar News