ബാബരി കേസില്‍ ഫെബ്രുവരി 8ന് വാദം തുടരും

Update: 2018-06-05 02:18 GMT
Editor : Muhsina
ബാബരി കേസില്‍ ഫെബ്രുവരി 8ന് വാദം തുടരും
Advertising

കേസിന്റെ വാദം 2019 ജൂലൈയിലേക്ക് മാറ്റിവെക്കണമെന്ന് സുന്നി വഖഫ് ബോർഡ് സുപ്രീം കോടതിയില്‍ വാദിച്ചു


ബാബരി മസ്ജിദ് കേസിലെ അന്തിമവാദം അടുത്ത വര്‍ഷം ഫെബ്രുവരി 8ന് വീണ്ടും ആരംഭിക്കും. കേസ് പരിഗണിക്കുന്നത് 2019ലെ തെരഞ്ഞെടുപ്പിന് ശേഷമാക്കണമെന്ന സുന്നി വഖഫ് ബോര്‍ഡിന്‍റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. കേസ് പരിഗണിക്കുന്നത് വിപലമായ ബെഞ്ചിലേക്ക് മാറ്റണമെന്നും കക്ഷികള്‍ ആവശ്യപ്പെട്ടു.

ബാബരി മസ്ജിദ് കേസിലെ 13 ഹര്‍ജികള്‍ പരിഗണിക്കുന്നത് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വന്നശേഷം മാത്രമേ പാടുള്ളൂ എന്നാണ് സുന്നി വഖഫ് ബോര്‍ഡിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ ആവശ്യപ്പെട്ടത്. കോടതിയില്‍ ഹാജരാക്കിയ 19000 ത്തിലേറെ പേജുകളുള്ള രേഖകള്‍ പരിശോധിക്കാന്‍ സമയം വേണം. എന്തിനാണ് കേസ് ധൃതിയില്‍ പരിഗണിക്കുന്നതെന്നും കേസിലെ വിധി രാഷ്ട്രീയമായും അല്ലാതെയും രാജ്യത്ത് വലിയ ചലനങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും കപില്‍ സിബല്‍ വാദിച്ചു. എതിര്‍ത്ത കേന്ദ്രസര്‍ക്കാര്‍ ഇതിനേക്കാള്‍ സങ്കീര്‍ണമായ കേസുകള്‍ കോടതി നേരത്തെ പരിഗണിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. കേസിലെ വാദം തുടര്‍ച്ചയായ ദിവസങ്ങളില്‍ കേള്‍ക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്നത് നിലവിലെ മൂന്നംഗ ബെഞ്ചിന് പകരം വിപുലമായ ബെഞ്ചിന് കൈമാറണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു.

കോടതിയില്‍ ഹാജരാക്കിയ പല രേഖകളും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും കക്ഷികള്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഹാജരാക്കിയ രേഖകള്‍ പരിശോധിച്ച കോടതി കേസിലെ വാദം ഫെബ്രുവരി 8 ലേക്ക് മാറ്റിവെച്ചു. അതിനുമുന്‍പായി കേസ് സംബന്ധിച്ച എല്ലാ രേഖകളും ബന്ധപ്പെട്ട കക്ഷികള്‍ക്ക് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News