കര്‍ഷകരുടെ കടം എഴുതിത്തള്ളാന്‍ നട്ടെല്ലില്ല, ബിജെപിക്കാര്‍ ട്വിറ്ററില്‍ അക്കൗണ്ടന്‍സി പഠിപ്പിക്കുന്ന തിരക്കിലെന്ന് സിദ്ധരാമയ്യ
കാര്‍ഷിക വായ്പ എഴുതിത്തള്ളാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ നട്ടെല്ലില്ലാത്തവരാണ് കര്‍ണാടകയിലെ ബിജെപിക്കാരെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.
കാര്‍ഷിക വായ്പ എഴുതിത്തള്ളാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ നട്ടെല്ലില്ലാത്തവരാണ് കര്‍ണാടകയിലെ ബിജെപിക്കാരെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബിജെപിക്കാര്‍ ട്വിറ്ററിലൂടെ അക്കൗണ്ടന്‍സി പാഠങ്ങള്‍ പഠിപ്പിക്കുന്ന തിരക്കിലാണ്. ജനങ്ങളെ വിഡ്ഢികളാക്കാനാവില്ലെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.
വ്യവസായികളുടെ കോടിക്കണക്കിന് രൂപയാണ് കേന്ദ്രം എഴുതിത്തള്ളിയത്. പക്ഷേ കര്‍ഷകര്‍ക്ക് ചെറിയ ആശ്വാസങ്ങള്‍ പോലും നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് സിദ്ധരാമയ്യ വിമര്‍ശിച്ചു.
രാഹുല്‍ ഗാന്ധി കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കര്‍ഷകരുടെ പ്രശ്നങ്ങളുയര്‍ത്തി മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ കോര്‍പറേറ്റുകളുടെ 2.5 ലക്ഷം കോടി രൂപ എഴുതിത്തള്ളി. എന്നാല്‍ കാര്‍ഷിക വായ്പ എഴുതിത്തള്ളാന്‍ തയ്യാറല്ല. അതേസമയം കര്‍ണാടക സര്‍ക്കാര്‍ കര്‍ഷകരുടെ 8000 കോടി രൂപയുടെ കടം എഴുതിത്തള്ളിയെന്നും രാഹുല്‍ അവകാശപ്പെട്ടു.
എന്നാല്‍ കോര്‍പറേറ്റ് കടങ്ങളും കാര്‍ഷിക കടവും എഴുതിത്തള്ളുന്നത് രണ്ടും രണ്ടാണെന്നും ഇതിലെ വ്യത്യാസം രാഹുലിന് അറിയില്ലെന്നും വിമര്‍ശിച്ച് കര്‍ണാടകയിലെ ബിജെപി രംഗത്തെത്തി. തുടര്‍ന്നാണ് ബിജെപിക്കാര്‍ ട്വിറ്ററിലൂടെ അക്കൗണ്ടന്‍സി പാഠങ്ങള്‍ പഠിപ്പിക്കുന്ന തിരക്കിലാണെന്ന പരിഹാസവുമായി സിദ്ധരാമയ്യ രംഗത്തെത്തിയത്.