‘താറാവ് നീന്തുമ്പോള്‍ വെള്ളത്തില്‍ ഓക്സിജന്‍ കൂടും’ വീണ്ടും മണ്ടന്‍ പ്രസ്താവനയുമായി ബിപ്ലബ് ദേബ്
താറാവുകള്‍ ജലം ശുദ്ധീകരിക്കുകയും, വെള്ളത്തിലെ ഓക്സിജന്റെ അളവ് വര്‍ധിപ്പിക്കുമെന്നുമാണ് ബിപ്ലബിന്റെ പുതിയ കണ്ടെത്തല്‍.
ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ മണ്ടന്‍ പ്രസ്താവനകളുടെ പട്ടിക ഇനിയും നീളുകയാണ്. ഒടുവില്‍ പ്രധാനമന്ത്രി വരെ വിളിച്ചുവരുത്തി താക്കീത് ചെയ്തുവിട്ടു. എന്നിട്ടും മണ്ടത്തരങ്ങള്‍ക്ക് കയ്യും കണക്കുമില്ല. താറാവുകള്‍ ജലം ശുദ്ധീകരിക്കുകയും, വെള്ളത്തിലെ ഓക്സിജന്റെ അളവ് വര്‍ധിപ്പിക്കുമെന്നുമാണ് ബിപ്ലബിന്റെ പുതിയ കണ്ടെത്തല്‍.
ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുവാന്‍ ജനങ്ങള്‍ക്ക് താറാവിനെ വിതരണം ചെയ്യണമെന്നാണ് ബിപ്ലബ് പറയുന്നത്. അവ വെള്ളം ശുദ്ധീകരിക്കുകയും, ജലത്തിലെ ഓക്സിജന്റെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യുമെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. നീര്‍മഹലിനടുത്തുള്ള രുദ്രസാഗര്‍ തടാകത്തില്‍ വള്ളംകളി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ബിപ്ലബ്. തടാകത്തിനടുത്ത് ജീവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കായി 50,000 താറാക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
‘’താറാവുകള്‍ വെള്ളത്തിൽ നീന്തുകയാണെങ്കിൽ ജലത്തിലെ ഓക്സിജൻ നില യാന്ത്രികമായി വർദ്ധിക്കും. ഇത്(ഓക്സിജൻ) റീസൈക്കിൾ ചെയ്യപ്പെടുകയും ചെയ്യും. ഇതിലൂടെ വെള്ളത്തിലെ മത്സ്യങ്ങള്‍ക്ക് കൂടുതൽ ഓക്സിജൻ ലഭിക്കും.’’
പ്രകൃതി സൗന്ദര്യം വർധിപ്പിക്കുവാനും ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുമാണ് ഇതെന്നും, നദിക്കരകളില്‍ താമസിക്കുന്ന ത്രിപുരയിലെ മറ്റു ജനങ്ങള്‍ക്കും ഇത്തരത്തില്‍ താറാവുകളെ വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"താറാവുകള്‍ വെള്ളത്തിൽ നീന്തുകയാണെങ്കിൽ ജലത്തിലെ ഓക്സിജൻ നില യാന്ത്രികമായി വർദ്ധിക്കും. ഇത്(ഓക്സിജൻ) റീസൈക്കിൾ ചെയ്യപ്പെടുകയും ചെയ്യും. ഇതിലൂടെ വെള്ളത്തിലെ മത്സ്യങ്ങള്‍ക്ക് കൂടുതൽ ഓക്സിജൻ ലഭിക്കും. താറാവിന്റെ കാഷ്ഠവും അവക്ക് ഗുണം ചെയ്യും. അങ്ങനെ തികച്ചും ജൈവികമായ രീതിയില്‍ മത്സ്യങ്ങൾ വേഗത്തിൽ വളരും." ബിപ്ലബ് പറഞ്ഞു.
എന്നാല്‍ ബിപ്ലബിന്റെ പ്രസ്താവനക്ക് ശാസ്ത്രീയമായ അടിത്തറയില്ലെന്ന് പ്രസ്തുത മേഖലയുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. "എന്തുകൊണ്ടാണ് അദ്ദേഹം ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ പറഞ്ഞത് എന്ന് അറിയില്ല. ഒരു മുഖ്യമന്ത്രിയിൽ നിന്ന് അടിസ്ഥാനപരമായ അറിവെങ്കിലും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ജലജന്തുക്കൾ സഞ്ചരിക്കുമ്പോള്‍ വെള്ളത്തിൽ ചലനമുണ്ടാകും. എന്നാൽ അവ നീന്തുമ്പോള്‍ ഓക്സിജൻ ലഭിക്കും എന്നതിന് ശാസ്ത്രീയ തെളിവുകൾ ഇല്ല." 2010 മുതല്‍ ശാസ്ത്രമേഖലയില്‍ കര്‍മനിരതമായ സംഘടനയായ 'ത്രിപുര ജുക്തിബാദ് വികാസ് മഞ്ച'യിലെ അംഗം മിഹിര്‍ ലാല്‍ റോയ് പറയുന്നു.