വില കൂടുതലാണെങ്കില്‍ കുറച്ച് പെട്രോള്‍ ഉപയോഗിച്ചാല്‍ മതി; ജനങ്ങളെ പരിഹസിച്ച് ബി.ജെ.പി മന്ത്രി

ഇന്ധന വില വർദ്ദനവിനെ ന്യായീകരിച്ച് സംസാരിച്ച മന്ത്രി ജനങ്ങൾക്ക് ദേശീയത കുറവാണെന്നും അഭിപ്രായപ്പെട്ടു

Update: 2018-09-10 15:14 GMT
Advertising

രാജ്യമെമ്പാടും ഇന്ധന വില കുതിച്ചുയരുന്നതിനെതിരെയുള്ള പ്രതിഷേധങ്ങൾ ശക്തമാവുമ്പോൾ ജനരോഷത്തെ കാറ്റിൽ പറത്തിക്കൊണ്ട് ബി.ജെ.പി മന്ത്രി രംഗത്ത്. വില കൂടുതലാണെങ്കിൽ ജനങ്ങൾ കുറച്ച് ഇന്ധനം മാത്രം ഉപയോഗിച്ചാൽ മതിയെന്നാണ് രാജസ്ഥാനിലെ ബി.ജെ.പി മന്ത്രി രാജ്കുമാർ റിൻവ പറയുന്നത്. ഇന്ധന വില വർദ്ദനവിനെ ന്യായീകരിച്ച് സംസാരിച്ച മന്ത്രി ജനങ്ങൾക്ക് ദേശീയത കുറവാണെന്നും അഭിപ്രായപ്പെട്ടു.

ലോക വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ചാണ് വില നിശ്ചയിക്കുന്നതെന്നും രാജ്കുമാർ റിൻവ പറഞ്ഞു. യു.പി.എ സർക്കാരിന്റെ കാലത്ത് ഇന്ധനവില ഇതിനെക്കാൾ വലിയ തോതിൽ കൂടിയിട്ടുണ്ടെന്നും ഇന്ധന വില കുറക്കാൻ കേന്ദ്ര സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ടെന്നും റിൻവ കൂട്ടിച്ചേർത്തു.

പ്രളയം പോലുള്ള ദുരന്തങ്ങൾ ഇന്ത്യയിൽ സംഭവിച്ചതിനാൽ കേന്ദ്ര സർക്കാർ അതിനായി ഒരുപാട് പണം ചെലവഴിച്ചിട്ടുണ്ടെന്നും ഇന്ധന വില ചെറുതായി വർദ്ദിച്ചപ്പോൾ അതിനായി പണം ചെലവഴിക്കാൻ ജനങ്ങൾ തയാറാവുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.

മറ്റ് രാജ്യങ്ങളിലെ ജനങ്ങൾക്ക് ദേശീയത കൂടുതലാണ്. ഇന്ധനത്തിന് വില കൂടുകയാണെങ്കിൽ ദേശീയതയുടെ പേരിൽ ജനങ്ങള്‍ക്ക് കുറച്ചൊക്കെ ത്യാഗം സഹിക്കാമെന്നും രാജ്കുമാർ റിൻവ പറഞ്ഞു. ബി.ജെ.പി മന്ത്രി പറയുന്നത് തികച്ചും അസംബന്ധമായ കാര്യമാണെന്നും യാഥാർത്ഥ്യത്തിൽ നിന്നും മന്ത്രി വിട്ടു നിൽക്കുകയാണെന്നും കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ ഇത്തരം പ്രസ്ഥാവനകൾ നടത്തുന്ന ബി.ജെ.പി നേതാക്കൾ ജനങ്ങളുടെ ആവശ്യങ്ങൾ എന്താണെന്ന് മനസ്സിലാക്കാനാവാത്ത ധിക്കാരികളാണെന്നും സച്ചിൻ പറഞ്ഞു.

Tags:    

Similar News