പെട്രോള്‍ വില വര്‍ധിക്കുന്നതില്‍ ഞങ്ങള്‍ക്കൊരു പങ്കുമില്ല: കേന്ദ്രമന്ത്രി
ഇന്ധനവില വര്‍ധിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് യാതൊരു പങ്കുമില്ല. നികുതി കുറയ്ക്കേണ്ടത് സംസ്ഥാനങ്ങളുടെ ബാധ്യതയാണ്.
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുതിക്കുകയാണ്. ജനങ്ങളുടെ നടുവൊടിച്ചാണ് ഇന്ധനവിലയുടെ കുതിപ്പ്. അനിയന്ത്രിതമായി വര്‍ധിപ്പിക്കുന്ന ഇന്ധനവിലയെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കാതെ കൈകഴുകാനാണ് ശ്രമിക്കുന്നത്. ഇതിന് ബലം പകരുന്ന നിലയ്ക്കാണ് കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദിന്‍റെ പ്രതികരണം.
''ഇന്ധനവിലയുടെ പേരില്‍ കോണ്‍ഗ്രസ് വെറുതെ ഭീതി പരത്തുകയാണ്. ജനങ്ങള്‍ക്ക് സത്യമറിയാം. ഇന്ധനവില വര്‍ധിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് യാതൊരു പങ്കുമില്ല. നികുതി കുറയ്ക്കേണ്ടത് സംസ്ഥാനങ്ങളുടെ ബാധ്യതയാണ്. പെട്രോള്‍ വില കൂട്ടുന്നതില്‍ എന്‍.ഡി.എ സര്‍ക്കാരിന് ഉത്തരവാദിത്തമില്ല. ബാഹ്യമായ ചില ഘടകങ്ങള്‍ കാരണമാണ് വില വര്‍ധിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ വരുന്ന കാര്യങ്ങളല്ല അതൊക്കെ. അന്താരാഷ്ട്ര പ്രതിസന്ധിയുടെ ഭാഗമാണ് ഈ താല്‍ക്കാലികം മാത്രമായുള്ള ബുദ്ധിമുട്ട്. ഭാരത് ബന്ദിനോട് രാജ്യത്തെ ജനങ്ങള്‍ സഹകരിക്കാത്തത് എന്തുകൊണ്ടാണ് ? അവര്‍ക്കറിയാം ഇന്ധന വില വര്‍ധിക്കുന്നത് എന്തുകൊണ്ടാണെന്ന്. ഇതൊരു താല്‍ക്കാലിക ബുദ്ധിമുട്ട് മാത്രമാണ്. ഇതിനൊക്കെ ഇത്രയധികം ഒച്ചപ്പാടും അക്രമവും ഉണ്ടാക്കേണ്ട കാര്യമൊന്നുമില്ല'' - രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.