തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ മോശം പരാമര്‍ശം; എം.എല്‍.എയും നടനുമായ കരുണാസ് അറസ്റ്റില്‍

സെപ്തംബര്‍ 16ന് മുക്കുലേതാര്‍ പുലി പട എന്ന പേരില്‍ മുഖ്യമന്ത്രിക്കെതിരെ കരുണാസ് പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് മോശം പരാമര്‍ശം ഉണ്ടായത്.

Update: 2018-09-23 06:51 GMT
Advertising

തമിഴ്നാട് മുഖ്യമന്ത്രി പളനിസ്വാമിക്കെതിരെ മോശം പരാമര്‍ശം നടത്തിയ എ.ഐ.എ.ഡി.എം.കെ എം.എല്‍.എ അറസ്റ്റില്‍. പാര്‍ട്ടിയിലെ ശശികല വിഭാഗത്തെ പിന്തുണക്കുന്ന കരുണാസ് ആണ് അറസ്റ്റിലായത്. ഇരു വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധക്ക് കാരണമായേക്കാവുന്ന പ്രസ്താവന നടത്തല്‍, ക്രിമിനല്‍ ഗൂഡാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

സെപ്തംബര്‍ 16ന് മുക്കുലേതാര്‍ പുലി പട എന്ന പേരില്‍ മുഖ്യമന്ത്രിക്കെതിരെ കരുണാസ് പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് സമുദായം പറഞ്ഞ് മോശം പരാമര്‍ശം ഉണ്ടായത്. പിന്നീട് അദ്ദേഹം പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കേസിനെ നിയമപരമായി നേരിടുമെന്ന് എം.എല്‍.എ പറഞ്ഞു. 2016 ലെ തെരഞ്ഞെടുപ്പില്‍ തിരുവാഡനായ് മണ്ഡലത്തില്‍ നിന്നാണ് കരുണാസ് വിജയിച്ചത്. പ്രശസ്ത തമിഴ് നടനും കൂടിയായ കരുണാസിനെ ഇന്ന് രാവിലെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്നാണ് പ്രത്യേക പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

വധശ്രമം, വധഭീഷണി, ക്രിമിനല്‍ ഗൂഡാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കരുണാസിനെതിരെ കേസുകള്‍ നിലവിലുണ്ട്. മുഖ്യമന്ത്രിക്കെതിരെ മോശം പരാമര്‍ശം നടത്തിയ കരുണാസ്, ഒരു പൊലീസ് ഓഫീസറേയും വെല്ലുവിളിച്ചിരുന്നു. യൂണിഫോം അഴിച്ചുവച്ച് തന്നോട് അടി കൂടാനായിരുന്നു വെല്ലുവിളി.

Tags:    

Similar News