റഫാല്‍: മോദിക്കെതിരായ ആരോപണങ്ങള്‍ ശക്തമാക്കി കോണ്‍ഗ്രസ്
കരാര്‍ പ്രഖ്യാപനം മന്ത്രിമാരില്‍ നിന്നും മറച്ചുവെച്ചത് ഗൂഢതാത്പര്യം മൂലമെന്ന് കപില്‍ സിബല്‍; റഫാല്‍ കരാര്‍ യു.പി.എ നടപ്പാക്കാത്തതെന്തെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍.
റഫാല്‍ കരാര്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നത് വരെ ഒരു കേന്ദ്രമന്ത്രിക്കും അറിവുണ്ടായിരുന്നില്ലെന്ന് കോണ്‍ഗ്രസ്. 2015ല്‍ നടന്ന മോദിയുടെ ഫ്രഞ്ച് സന്ദര്‍ശന വേളയില്‍ റഫാല്‍ അജണ്ടയിലില്ലെന്നാണ് അന്നത്തെ വിദേശകാര്യ സെക്രട്ടറി പറഞ്ഞത്. പിന്നെയെങ്ങനെയാണ് ഫ്രഞ്ച് പ്രസിഡണ്ടുമായുള്ള കൂടിക്കാഴ്ചയില്‍ പദ്ധതി പ്രഖ്യാപിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ചോദിച്ചു. റഫാല്‍ കരാറില്‍ അന്തിമ രൂപമുണ്ടാക്കാന്‍ എന്തുകൊണ്ട് കഴിഞ്ഞില്ലെന്നതിന് കോണ്‍ഗ്രസാണ് മറുപടി പറയേണ്ടതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര്‍ പറഞ്ഞു.
രാജ്യത്തെ പ്രതിരോധ മന്ത്രിയോ, വിദേശകാര്യ മന്ത്രിയോ ധനമന്ത്രിയോ പോലും അറിയാതെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി റഫാല്‍ കരാറില്‍ ഒറ്റക്ക് തീരുമാനമെടുത്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കരാര്‍ പ്രഖ്യാപിക്കുമ്പോള്‍ അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരിക്കര്‍ ഗോവയില്‍ ഒരു പരിപാടിയിലാണ്. പ്രധാനമന്ത്രിയുടെ ഫ്രഞ്ച് സന്ദര്‍ശന അജണ്ടയില്‍ റഫാലില്ലെന്നാണ് അന്നത്തെ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ പറഞ്ഞത്. ഇത്രയും രഹസ്യാത്മകത തന്നെ കരാറിന് പിന്നിലെ നിഗൂഢ താല്‍പര്യത്തിന്റെ ഉദാഹരണമാണെന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു.
എന്ത് കൊണ്ടാണ് റഫാല്‍ കരാര്‍ നടപ്പാക്കാന്‍ യു.പി.എ സര്‍ക്കാരിന് കഴിയാതെ പോയതെന്ന ചോദ്യത്തിന് കോണ്‍ഗ്രസാണ് ആദ്യം ഉത്തരം പറയേണ്ടതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര്‍ മറുപടി നല്‍കി. ആരോപണങ്ങളില്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ജാവേദ്ക്കര്‍ പറഞ്ഞു. വിഷയത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന കടന്നാക്രമണങ്ങളെ വിദേശബന്ധം ഉയര്‍ത്തി നേരിടാനാണ് ബി.ജെ. പി ഒരുങ്ങുന്നത്.