സൈന്യത്തെ പ്രശംസിച്ച് പ്രധാനമന്ത്രി, അഭിലാഷ് ടോമി പ്രചോദനം
സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ രണ്ടാം വാര്‍ഷികം വിപുലമായി ആഘോഷിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വിവിധ സേന വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ഈ മാസത്തെ മന്‍കിബാത്ത്.
രാജ്യത്തിന്റെ പുരോഗതിയും സമാധാനവും തടസ്സപ്പെടുത്താന്‍ ശ്രമിച്ചാല്‍ അര്‍ഹമായ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2016ല്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജ്ജിക്കല്‍ സ്ട്രൈക്ക് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍. ഭീകരവാദികളെ മുന്നില്‍ നിര്‍ത്തി ഇന്ത്യക്കെതിരെ നിഴല്‍ യുദ്ധം നടത്തുന്നവര്‍ക്ക് കനത്ത തിരിച്ചടിയാണ് സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ നല്‍കിയത്. പായ് വഞ്ചിയില്‍ അപകടത്തില്‍ പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയുടെ ധീരത രാജ്യത്തിന് പ്രചോദനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ രണ്ടാം വാര്‍ഷികം വിപുലമായി ആഘോഷിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വിവിധ സേന വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ഈ മാസത്തെ മന്‍കിബാത്ത്. സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ വാര്‍ഷികാഘോഷത്തിലൂടെ ഇന്ത്യന്‍ സേനയുടെ യഥാര്‍ത്ഥ ശക്തി ജനങ്ങള്‍ക്ക് തിരിച്ചറിയാനായി. ആഘോഷത്തില്‍ യുവാക്കളുടെ വലിയ തോതിലുള്ള പങ്കാളിത്തം സന്തോഷം നല്‍കുന്നതാണ്.
സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഭീകരതക്കെതിരായ ഇന്ത്യന്‍ സൈന്യത്തിന്റെ ചരിത്ര വിജയമാണ്. ഇന്ത്യക്കെതിരെ ഭീകരരെ മുന്‍ നിര്‍ത്തി നിഴല്‍യുദ്ധം നടത്തുന്നവര്‍ക്ക് ലഭിച്ച വന്‍ തിരിച്ചടിയാണിതെന്ന് പാകിസ്ഥാനെ പരോക്ഷമായി സൂചിപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സമാധാനവും പുരോഗതിയും ആര് തടസ്സപ്പെടുത്താന്‍ ശ്രമിച്ചാലും സമാനമായ തിരിച്ചടികള്‍ ഉണ്ടാകുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. പായ്‌വഞ്ചിയില്‍ അപകടത്തില്‍ പെട്ട മലയാളി നാവികന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമിയെയും പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു. അഭിലാഷുമായി ഫോണില്‍ സംസാരിച്ചുവെന്നും, ഇത്രയും വലിയ അപകടത്തില്‍ പെട്ടിട്ടും അദ്ദേഹം പ്രകടിപ്പിച്ച ധീരത രാജ്യത്തെ യുവാക്കള്‍ക്ക് പ്രചോദനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.