നജീബിന്‍റെ തിരോധാനം: അന്വേഷണം അവസാനിപ്പിക്കാന്‍ സി.ബി.ഐക്ക് കോടതിയുടെ അനുമതി

പരാതികളുണ്ടെങ്കില്‍ വിചാരണക്കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി നജീബിന്‍റെ മാതാവിനോട് വ്യക്തമാക്കി.

Update: 2018-10-08 08:15 GMT
Advertising

ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കാണാതായ കേസില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ സി.ബി.ഐക്ക് ഡല്‍ഹി ഹൈക്കോടതിയുടെ അനുമതി. അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന് സി.ബി.ഐയോട് കോടതി ആവശ്യപ്പെട്ടു. പരാതികളുണ്ടെങ്കില്‍ വിചാരണക്കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി നജീബിന്‍റെ മാതാവിനോട് വ്യക്തമാക്കി.

നജീബിന്‍റെ തിരോധാനത്തില്‍ ആര്‍ക്കും പങ്കില്ലെന്നും അതിനാല്‍ അന്വേഷണം അവസാനിപ്പിക്കാമെന്നും സി.ബി.ഐ ഹൈക്കോടതിയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി സി.ബി.ഐക്ക് അനുവാദം നല്‍കിയത്. നജീബിന്‍റെ മാതാവ് ഫാത്തിമ നഫീസ് നല്‍കിയ ഹരജി തീര്‍പ്പാക്കിയതായും കോടതി അറിയിച്ചു.

സി.ബി.ഐയെ മാറ്റി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും അന്വേഷണം കോടതി നിരീക്ഷിക്കണമെന്നുമായിരുന്നു നജീബിന്‍റെ മാതാവ് ആവശ്യപ്പെട്ടിരുന്നത്. ഇത് കോടതി അംഗീകരിച്ചില്ല. ജസ്റ്റിസുമാരായ എസ് മുരളീധര്‍, വിനോദ് ഗോയല്‍ എന്നിവരാണ് ഹരജിയില്‍ വിധി പറഞ്ഞത്. കഴിഞ്ഞ വര്‍ഷം മെയ് 16ന് കേസില്‍ അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ വ്യക്തമായ അന്വേഷണം നടത്തുന്നില്ലെന്ന വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

2016 ഒക്ടോബര്‍ 15നാണ് ജെ.എന്‍.യു വിദ്യാര്‍ത്ഥിയായ നജീബിനെ ഹോസ്റ്റലില്‍ നിന്ന് കാണാതായത്. എ.ബി.വി.പി വിദ്യാര്‍ത്ഥികള്‍ നജീബിനെ മര്‍ദ്ദിച്ചതിന് പിന്നാലെയായിരുന്നു തിരോധാനം. നജീബിനെ മര്‍ദ്ദിച്ചവരെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അന്വേഷണസംഘം തയ്യാറായിരുന്നില്ല.

Tags:    

Similar News