‘ഞങ്ങള്‍ തന്നെയാണ് ബോംബ് സ്ഫോടനം നടത്തിയത്’; കോടതി വെറുതെ വിട്ടവരുടെ വെളിപ്പെടുത്തല്‍
വീട്ടില്‍ നിന്ന് കൈത്തോക്കുകളും സ്ഫോടകവസ്തുക്കളും കണ്ടെത്തിയിട്ടും മുഖ്യ പ്രതിയുടെ കൂട്ടാളിയായി മാത്രമാണ് കുറ്റപത്രത്തില്‍ ആരോപിച്ചതെന്ന വെളിപ്പെടുത്തല്‍ മഹാരാഷ്ട്ര എ.ടി.എസിനെയും പ്രതിക്കൂട്ടിലാക്കി.
2008ല്‍ മഹാരാഷ്ട്രയിലെ താണെ, വാഷി, പനവേല്‍ എന്നിവിടങ്ങളിലെ നാടക, സിനിമ തിയറ്ററുകളില്‍ ബോംബ് സ്ഫോടനം നടത്തിയത് തങ്ങള്‍ തന്നെയാണെന്ന് കേസില്‍ കോടതി കുറ്റമുക്തരാക്കിയ സനാതന്‍ സനസ്ത പ്രവര്‍ത്തകരുടെ വെളിപ്പെടുത്തല്‍. ഇന്ത്യ ടുഡെ ടി.വി നടത്തിയ ഒളികാമറ അന്വേഷണത്തില്‍ സനാതന്‍ സനസ്ത സജീവപ്രവര്‍ത്തകരായ മങ്കേഷ് ദിനകര്‍ നികം, ഹരിഭാവു കൃഷ്ണ ദിവേകര്‍ എന്നിവരാണ് സ്ഫോടനങ്ങളിലെ തങ്ങളുടെ പങ്ക് വെളിപ്പെടുത്തിയത്. വീട്ടില്‍ നിന്ന് കൈത്തോക്കുകളും സ്ഫോടകവസ്തുക്കളും കണ്ടെത്തിയിട്ടും മുഖ്യ പ്രതിയുടെ കൂട്ടാളിയായി മാത്രമാണ് കുറ്റപത്രത്തില്‍ ആരോപിച്ചതെന്ന ഹരിഭാവു ദിവേകറുടെ വെളിപ്പെടുത്തല്‍ മഹാരാഷ്ട്ര എ.ടി.എസിനെയും പ്രതിക്കൂട്ടിലാക്കി.
ഹിന്ദു ദൈവങ്ങളെ പരിഹസിക്കുന്നു എന്നാരോപിച്ച് മറാത്തി നാടകമായ ‘അമി പച് പുതൈ’, ബോളിവുഡ് ചിത്രമായ ‘ജോദ്ധ അക്ബര്‍’ എന്നിവ പ്രദര്‍ശിപ്പിച്ച തിയറ്ററുകളിലാണ് സ്ഫോടനങ്ങളുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് സനാതന്‍ സനസ്ത പ്രവര്‍ത്തകരായ ഹരിഭാവു ദിവേകര്‍, മങ്കേഷ് നികം അടക്കം ആറുപേരെ എ.ടി.എസ് അറസ്റ്റ് ചെയ്‍തു. 2011ല്‍ രണ്ട് പേരെ ശിക്ഷിച്ച കോടതി ഹരിഭാവു, മങ്കേ എന്നിവരടക്കം നാലുപേരെ തെളിവുകളുടെ അഭാവത്തില്‍ കുറ്റമുക്തരാക്കുകയായിരുന്നു.
നാടകത്തിനും സിനിമക്കും എതിരെ പ്രതിഷേധിച്ചെങ്കിലും തുടര്‍ന്ന്, അവരെ ഭയപ്പെടുത്താനാണ് സ്ഫോടനങ്ങള്‍ നടത്തിയതെന്നും ആസുത്രണം സനാതന്‍ സനസ്തയുടെ പനവേല്‍ ആശ്രമത്തില്‍ വെച്ചായിരുന്നുവെന്നും മങ്കേഷ് നികം വെളിപ്പെടുത്തി. വാഷിയിലെ തിയറ്ററില്‍ ബോംബ് വെച്ചത് താനാണെന്നും അത് പൊട്ടുംമുമ്പ് ബോംബ് സ്ക്വാഡ് നിര്‍വീര്യമാക്കിയെന്നും മങ്കേഷ് പറഞ്ഞു. 2000 മുതല്‍ സനാതന്‍ സനസ്തയുെ പ്രവര്‍ത്തകനാണ് ഇയാള്‍.
റെയ്ഡിനെത്തിയ എ.ടി.എസിന് വീട്ടില്‍ സൂക്ഷിച്ച രണ്ട് റിവോള്‍വറുകളും 20 ജലാറ്റിനുകളും 23 ഡിറ്റൊനേറ്ററുകളും ഡിജിറ്റല്‍ മീറ്ററുകളുമാണ് താന്‍ കൈമാറിയതെന്ന് ഹരിഭാവു ദിവേകര്‍ വെളിപ്പെടുത്തി. എന്നാല്‍, ഇവ എ.ടി.എസ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയില്ല. മുഖ്യ പ്രതിയുടെ കൂട്ടാളി എന്ന കുറ്റത്തിനാണ് വിചാരണ നേരിട്ടതെന്നും ദിവേകര്‍ ഒളികാമറക്ക് മുന്നില്‍ പറഞ്ഞു.
പുതിയ തെളിവുകള്‍ കേന്ദ്രത്തെ അറിയിക്കുമെന്നും അപ്പീലില്‍ ഹൈക്കോടതിയില്‍ അവ ഉപയോഗിക്കാന്‍ കഴിയുമോയെന്ന് നിയമോപദേശം തേടുമെന്നും മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി ദീപക് കേസകര്‍ പറഞ്ഞു.