മധ്യപ്രദേശില്‍ ബി.ജെ.പിക്ക് തിരിച്ചടി; എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസില്‍
ഇന്‍ഡോറില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു കോണ്‍ഗ്രസ് പ്രവേശനം.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മധ്യപ്രദേശില്‍ ബി.ജെ.പിക്ക് തിരിച്ചടിയായി കൊഴിഞ്ഞുപോക്ക്. ബി.ജെ.പി എം.എല്‍.എയും മുന്‍ എം.എല്‍.എയും അണികളും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇന്‍ഡോറില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു കോണ്‍ഗ്രസ് പ്രവേശനം.
തെന്‍ഡുഖേഡ മണ്ഡലത്തില്‍ നിന്നും രണ്ട് തവണ എം.എല്‍.എയായ സഞ്ജയ് ശര്‍മ, മുന്‍ എം.എല്‍.എ കംലാപത്, അഖില ഭാരതീയ കിരാര്‍ സമാജ് നേതാവ് ഗുലാബ് സിങ് കിറാര്‍ തുടങ്ങിയവരാണ് ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയത്.
മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാന്‍റെ ഭരണത്തില്‍ മനംമടുത്താണ് ബി.ജെ.പി വിട്ടതെന്ന് സഞ്ജയ് ശര്‍മ വ്യക്തമാക്കി. ഒരു വികസനപ്രവര്‍ത്തനവും നടക്കുന്നില്ല. വെറും വാചകമടി മാത്രമേയുള്ളൂവെന്നും സഞ്ജയ് വിമര്‍ശിച്ചു.
മധ്യപ്രദേശിലെ എം.എല്‍.എമാരില്‍ ഏറ്റവും ധനികരില്‍ മൂന്നാമനാണ് സഞ്ജയ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രികയില്‍ രേഖപ്പെടുത്തിയത് 65 കോടിയുടെ ആസ്തിയുണ്ടെന്നാണ്.