ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഛത്തീസ്ഗഢ്
ബി.ജെ.പി തയ്യാറെടുക്കുമ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കയ്യെത്തും ദൂരത്ത് നഷ്ടപ്പെട്ട അധികാരം തിരിച്ചു പിടിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് .
ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഢ്. നാലാം തവണയും ഭരണത്തിലെത്താന്‍ മുഖ്യമന്ത്രി രമണ്‍ സിങിന്റെ നേതൃത്വത്തില്‍ ബി.ജെ.പി തയ്യാറെടുക്കുമ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കയ്യെത്തും ദൂരത്ത് നഷ്ടപ്പെട്ട അധികാരം തിരിച്ചു പിടിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് . രണ്ട് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് 90 നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക.
2000ത്തില്‍ രൂപീകരിക്കപ്പെട്ട ഛത്തീസ്ഗഢിന് പറയാനുള്ളത് 18 വര്‍ഷത്തെ രാഷ്ട്രീയ ചരിത്രമാണ്. ബി.ജെ.പിക്ക് അനുകൂലമായിരുന്നു തുടര്‍ച്ചയായ മൂന്ന് നിയമസഭ തെരഞ്ഞെടുപ്പുകളിലെ ജനവിധി. 2013 നിയമസഭ തെരഞ്ഞെടുപ്പില്‍ 10 സീറ്റിന്റെ വ്യത്യാസം മാത്രമായിരുന്നു കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുണ്ടായിരുന്നത് . 15 വര്‍ഷമായി മുഖ്യമന്ത്രി പദത്തില്‍ തുടരുന്ന ഡോ. രമണ്‍ സിങിന്റെ വികസന കാര്‍ഡ് തന്നെയാണ് ഇത്തവണയും ബി.ജെ.പിയുടെ തുറുപ്പ് ചീട്ട്ബി ..ജെ.പി ഭരണ തുടര്‍ച്ച ലക്ഷ്യമിടുമ്പോള്‍ കൈമോശം വന്ന രാഷ്ട്രീയ പ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.
സംസ്ഥാനത്തെ നക്സല്‍ ആക്രമണങ്ങളിലും കര്‍ഷക പ്രശ്നങ്ങളിലും ഊന്നിയാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചരണം. പട്ടികജാതി പീഡന നിരോധന നിയമ ഭേദഗതിയില്‍ പിന്നാക്ക വിഭാഗങ്ങളുടെ പ്രതിഷേധവും കോണ്‍ഗ്രസ് വോട്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് മുന്‍ നേതാവും ചത്തീസ്ഗഢ് പ്രഥമ മുഖ്യമന്ത്രിയുമായ അജിത് ജോഗി പാര്‍ട്ടി വിട്ടതും പുതിയ പാര്‍ട്ടി രൂപീകരിച്ച് ബി.എസ്.പിയുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടതും കോണ്‍ഗ്രസിന് തിരിച്ചടിയാകും.
തെരഞ്ഞെടുപ്പിന് മുന്‍പ് പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് രാംദയാല്‍ ഉയ്കെ ബി.ജെ.പിക്കൊപ്പം ചേര്‍ന്നതും ഇരട്ടപ്രഹരമായി . ആദിവാസി വിഭാഗങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ഛത്തീസ്ഗഢില്‍ മാറി മറയുന്ന ജാതി സമവാക്യങ്ങള്‍ ഇരു പാര്‍ട്ടികള്‍ക്കും നിര്‍ണായകമാകും. അജിത് ജോഗിയുടെ ജനത കോണ്‍ഗ്രസ് -ബി.എസ്.പി - സി.പി.ഐ സഖ്യത്തിന് പുറമെ ഗോണ്ട്വാന ഗണതന്ത്ര പാര്‍ട്ടിയും എസ്.പി സഖ്യവും മത്സരരംഗത്തുണ്ട്. നക്സല്‍ സ്വാധീനമുള്ള 18 മണ്ഡലങ്ങളില്‍ നവംബര്‍ 12നും മറ്റ് 72 മണ്ഡലങ്ങളില്‍ ഈ മാസം 20നുമാണ് തെരഞ്ഞെടുപ്പ്.