രാമക്ഷേത്ര നിര്‍മാണത്തിന് ഏറ്റവും വലിയ തടസ്സം കോണ്‍ഗ്രസെന്ന് യോഗി ആദിത്യനാഥ്
വിദേശരാജ്യങ്ങളില്‍ ചെല്ലുമ്പോള്‍ ഹിന്ദുക്കളെ തീവ്രവാദികളെന്നാണ് രാഹുല്‍ വിശേഷിപ്പിക്കുന്നതെന്ന് യോഗി ആദിത്യനാഥ്
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് ഏറ്റവും വലിയ തടസ്സം കോണ്‍ഗ്രസെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഛത്തിസ്‍ഗഢില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണത്തിന് എത്തിയതായിരുന്നു യോഗി.
കോണ്‍ഗ്രസ് ഉള്ളിടത്തോളം കാലം ഹിന്ദുക്കളുടെ അഭിമാനം സംരക്ഷിക്കപ്പെടില്ല. അയോധ്യ കേസില്‍ വാദംകേള്‍ക്കുന്നത് നീട്ടിവെയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നത് കാപട്യമാണെന്നും യോഗി കുറ്റപ്പെടുത്തി.
രാഹുല്‍ ഹിന്ദുക്കളെ തീവ്രവാദികളായി ചിത്രീകരിക്കുകയാണ്. വിദേശരാജ്യങ്ങളില്‍ ചെല്ലുമ്പോള്‍ ഹിന്ദുക്കളെ തീവ്രവാദികളെന്നാണ് രാഹുല്‍ വിശേഷിപ്പിക്കുന്നത്. താന്‍ ഭീഷണി നേരിടുന്നത് ഇന്ത്യയിലെ ഹിന്ദുക്കളായ തീവ്രവാദികളില്‍ നിന്നാണെന്നും ലഷ്കര്‍ ഇ ത്വയിബയില്‍ നിന്നല്ലെന്നും രാഹുല്‍ അമേരിക്കന്‍ അംബാസഡറോട് പറഞ്ഞിട്ടുണ്ടെന്നും യോഗി ആരോപിച്ചു.
തീവ്രവാദവും നക്സലിസവും വിഘടനവാദവും അഴിമതിയും കുടുംബവാഴ്ചയുമാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയ്ക്ക് കോണ്‍ഗ്രസിന്‍റെ സംഭാവന. കോണ്‍ഗ്രസ് നക്സലുകളെ വിപ്ലവകാരികളെന്നാണ് വാഴ്ത്തുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ സൈനികരുടെ രക്തസാക്ഷിത്വത്തെ കോണ്‍ഗ്രസ് അപമാനിക്കുകയാണെന്നും യോഗി ആരോപിച്ചു.